ഉത്തരയ്ക്ക് സ്വയംവരം; വരന്‍ ആര്?

PROPRO

പ്രകാശന്‍ പ്രീ ഡിഗ്രി വരെയേ പഠിച്ചിട്ടുള്ളൂ. ഒരു ജോലിക്കും പോകാതെ കലാപ്രവര്‍ത്തനങ്ങളുമായി നടക്കുകയാണ് അയാള്‍. വീട്ടുകാര്‍ക്ക് അവനെക്കൊണ്ട് ഒരു ഉപകാരവുമില്ല. നാട്ടുകാര്‍ക്ക് അത് വേണ്ടുവോളമുണ്ടുതാനും. അവന്‍റെ മനസില്‍ ഒരു സ്വപ്നമുണ്ട്. അതാണ് ഉത്തര. മഹാദേവന്‍ മുതലാളിയുടെ മകള്‍‍. പ്രകാശന്‍റെ അടുത്ത കൂട്ടുകാര്‍ക്കു മാത്രമേ അവന്‍റെ ആ ആഗ്രഹത്തെക്കുറിച്ച് അറിയൂ. അവന്‍റെ ഈ മോഹം അറിയാത്ത മഹാദേവന്‍ മുതലാളിക്കും പ്രകാശന്‍ പ്രിയപ്പെട്ടവനാണ്.

നഗരത്തിലെ ധനാഢ്യനായ ഒരു യുവാവുമായി മഹാദേവന്‍ മുതലാളി ഉത്തരയുടെ വിവാഹം നിശ്ചയിക്കുന്നു. ഇക്കാര്യമറിഞ്ഞ് പ്രകാശന്‍ തകര്‍ന്നുപോയി. ഷേക്സ്‌പിയര്‍ എം എ മലയാളം, മിന്നാമിന്നിക്കൂട്ടം, ചോക്ലേറ്റ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ജയസൂര്യയും റോമയും ഒന്നിക്കുന്ന ചിത്രമാണ് ഉത്തരാസ്വയംവരം.

WEBDUNIA| Last Modified ശനി, 4 ജൂലൈ 2009 (14:30 IST)
ഉത്തരയ്ക്ക് സ്വയം‌വരമായി. അവള്‍ ആരെ തെരഞ്ഞെടുക്കും? വര്‍ഷങ്ങളായി അവളെ മനസില്‍ കൊണ്ടു നടക്കുന്ന പ്രകാശനെ തെരഞ്ഞെടുക്കുമോ? അതോ, അച്ഛന്‍ കണ്ടെത്തിയ പണക്കാരനായ യുവാവിനെ സ്വീകരിക്കുമോ? ഇതിന്‍റെ ഉത്തരമാണ് ‘ഉത്തരാസ്വയം‌വരം’ എന്ന ചിത്രം നല്‍കുന്നത്.

നവാഗതനായ രമാകാന്ത് സര്‍ജു സംവിധാനം ചെയ്യുന്ന ഉത്തരാ സ്വയംവരത്തില്‍ ഉത്തരയാകുന്നത് റോമയാണ്. സൂപ്പര്‍താര പദവിയിലേക്ക് കുതിക്കുന്ന ജയസൂര്യയാണ് പ്രകാശന്‍ എന്ന നായകവേഷം കെട്ടുന്നത്. സര്‍ജുവിന്‍റെ തന്നെ കഥയ്ക്ക് ജെ പള്ളാശ്ശേരി തിരക്കഥ രചിക്കുന്നു.
അനില്‍‌ബാബുവിന്‍റെ സംവിധാന സഹായിയായിരുന്ന രമാകാന്ത് സര്‍ജു ഹരിഹരന്‍റെ പഴശ്ശിരാജയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പവിത്രം ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ഉത്തരാ സ്വയംവരത്തിന് ക്യാമറ ചലിപ്പിക്കുന്നത് സാലു ജോര്‍ജ്ജാണ്. ഒറ്റപ്പാലം, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് ജൂലൈ 15ന് ആരംഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :