ആരാധകരേ, ഓണത്തിന് മമ്മൂട്ടി വരും!

WEBDUNIA|
PRO
അത് വല്ലാത്തൊരു വാര്‍ത്തയായിരുന്നു. അത് കേട്ട മമ്മൂട്ടി ആരാധകരൊക്കെ തലയില്‍ കൈവച്ചു. ‘ഓണത്തിന് മമ്മൂട്ടിച്ചിത്രം ഉണ്ടാകില്ല’ എന്നായിരുന്നു കഴിഞ്ഞ ദിവസം എത്തിയ വാര്‍ത്ത. ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ ചിത്രീകരണം സമയത്തിന് പൂര്‍ത്തിയാക്കാനാകാത്തതിനാല്‍ ഓണത്തിനെത്തിക്കാന്‍ കഴിയില്ല എന്ന് ഷാജി കൈലാസ് അറിയിച്ചു.

ചിത്രത്തില്‍ ഭരത്ചന്ദ്രന്‍ ഐ പി എസ് ആയി തിളങ്ങേണ്ട സുരേഷ്ഗോപിക്ക് സുഖമില്ലാതായതാണ് പ്രശ്നമായത്. മമ്മൂട്ടിയും സുരേഷ്ഗോപിയുമായുള്ള കോമ്പിനേഷന്‍ സീനുകളാണ് സിനിമയുടെ ഹൈലൈറ്റ്. അത് ചിത്രീകരിക്കാനാകാതെ ഷാജി കുഴങ്ങി. ഒടുവില്‍ തീരുമാനമെടുത്തു, ഓണത്തിന് ജോസഫ് അലക്സും ഭരത്ചന്ദ്രനും തിയേറ്ററുകളില്‍ സ്ഫോടനം സൃഷ്ടിക്കില്ല!

അതോടെ മമ്മൂട്ടിക്ക് ഓണച്ചിത്രം ഇല്ലാതായി. ഓണച്ചിത്രത്തിന്‍റെ കാര്യത്തില്‍ നേരത്തേ പ്രതിസന്ധിയിലായിരുന്ന മോഹന്‍ലാല്‍ ‘പ്രണയം’ എന്ന ബ്ലെസിച്ചിത്രത്തിലൂടെ അതിന് പരിഹാരം കണ്ടിരുന്നു. മോഹന്‍ലാലിന്‍റെ ഗംഭീര അഭിനയപ്രകടനം അടങ്ങിയ ‘പ്രണയം’ തിയേറ്ററുകളിലെത്തുമ്പോള്‍ മറുപടി നല്‍കാന്‍ മെഗാസ്റ്റാറില്ല എന്നതായി മമ്മൂട്ടി ആരാധകരുടെ സങ്കടം.

എന്നാല്‍, മമ്മൂട്ടിയുടെ ഒരു സിനിമ ഓണത്തിനെത്തും എന്നതാണ് പുതിയ വാര്‍ത്ത. മമ്മൂട്ടി അടുത്തിടെ പൂര്‍ത്തിയാക്കിയ കന്നഡച്ചിത്രം ‘ശിക്കാരി’യുടെ മലയാളം പതിപ്പ് ഓണത്തിന് റിലീസ് ചെയ്യാനുള്ള തിരക്കിട്ട ശ്രമങ്ങള്‍ നടന്നുവരുന്നു. മമ്മൂട്ടി ആദ്യമായി അഭിനയിച്ച കന്നഡച്ചിത്രമാണ് ശിക്കാരി. കന്നഡത്തിലും മലയാളത്തിലുമായി ചിത്രീകരിച്ച ഈ സിനിമയുടെ സംവിധായകന്‍ അഭയ് സിന്‍‌ഹ.

ശിക്കാരിയില്‍ മമ്മൂട്ടിക്ക് ഇരട്ടവേഷമാണ്. തീര്‍ത്ഥഹള്ളി എന്ന കന്നഡഗ്രാമത്തിലെത്തിയ പുലിവേട്ടക്കാരന്‍ കരുണനാണ് ഒരു കഥാപാത്രം. ഇയാള്‍ സ്വാതന്ത്ര്യസമര സേനാനികൂടിയാണ്. 1946ല്‍ നടന്ന ഒരു സംഭവകഥയാണ് ചിത്രത്തിന് ആധാരം. പുതിയകാലത്തിന്‍റെ പ്രതിനിധിയായ, അഭിലാഷ് എന്ന സോഫ്റ്റുവെയര്‍ എഞ്ചിനീയറെയും മമ്മൂട്ടി തന്നെ അവതരിപ്പിക്കുന്നു.

പുലിവേട്ടക്കാരന്‍ കരുണന്‍റെ കൂട്ടുകാരായി അഭിനയിക്കുന്നത് ടിനി ടോമും സുരേഷ് കൃഷ്ണയുമാണ്. കരുണന്‍റെ അമ്മാവനായി ഇന്നസെന്‍റ് വേഷമിടുന്നു. മമ്മൂട്ടിയും ടിനി ടോമും സുരേഷ് കൃഷ്ണയും ചേര്‍ന്നുള്ള ഒരു നൃത്തരംഗം ശിക്കാരിയുടെ ഹൈലൈറ്റാണ്. പൂനം ബജ്‌വയാണ് നായിക.

എന്തായാലും, പ്രതീക്ഷ അസ്തമിച്ച് നിരാശരായിരുന്ന മമ്മൂട്ടി ആരാധകര്‍ക്ക് ‘ശിക്കാരി’യുടെ വരവ് ആഹ്ലാദം പകരുമെന്ന് കരുതാം. പ്രണയത്തെ വേട്ടയാടാന്‍ ശിക്കാരിക്ക് കഴിയുമോ? ഓണം വരെ കാത്തിരിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :