അവര്‍ ‘ഗ്രാന്‍റ്‌മാസ്റ്റര്‍’ കണ്ടു, സൂപ്പര്‍ അഭിപ്രായം!

WEBDUNIA|
PRO
‘ഗ്രാന്‍റ്‌മാസ്റ്റര്‍’ വരികയാണ്. ചന്ദ്രശേഖരന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രം മേയ് മൂന്നാം തീയതിയാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിലെ 130 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

യു ടി വി മോഷന്‍ പിക്ചേഴ്സ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാള ചിത്രമാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘ഗ്രാന്‍റ്‌മാസ്റ്റര്‍’. യു ടി വിയിലെ ഉന്നതാധികാരികള്‍ക്കായി കഴിഞ്ഞ ദിവസം മുംബൈ നെഹ്‌റു ഓഡിറ്റോറിയത്തില്‍ ഗ്രാന്‍റ്‌മാസ്റ്ററുടെ പ്രിവ്യു ഷോ നടന്നു. സബ്‌ടൈറ്റിലോടെയായിരുന്നു പ്രദര്‍ശനം.

ബി ഉണ്ണികൃഷ്ണനും യു ടി വിയുടെ ധനഞ്ജയനും പ്രിവ്യു ഷോയില്‍ സംബന്ധിച്ചു. വളരെ സ്റ്റൈലിഷ് ആയ സിനിമയെന്നാണ് ഗ്രാന്‍റ്‌മാസ്റ്ററിനെ കുറിച്ച് യു ടി വി ടോപ്പ് മാനേജുമെന്‍റിന്‍റെ അഭിപ്രായം.

പ്രിവ്യു കഴിഞ്ഞയുടന്‍ യു ടി വിയുടെ സി‌ഇ‌ഒ ആയ സിദ്ദാര്‍ത്ഥ് റോയ് കപൂര്‍ മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. കുറ്റാന്വേഷകനായുള്ള മോഹന്‍ലാലിന്‍റെ പ്രകടനം ഏറെയിഷ്ടമായെന്ന് അദ്ദേഹം മോഹന്‍ലാലിനോട് പറഞ്ഞു.

“ഗ്രാന്‍റ്‌മാസ്റ്റര്‍ ഒരുഗ്രന്‍ ഇന്‍‌വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. ഈ സിനിമ ഒരു ട്രെന്‍ഡ് സെറ്ററായി മാറുമെന്നാണ് വിശ്വാസം. മോഹന്‍ലാല്‍ അസാധാരണമായ പ്രകടനമാണ് നടത്തിയിരിക്കുന്നത്” - സിദ്ദാര്‍ത്ഥ് റോയ് കപൂര്‍ പ്രതികരിച്ചു.

രണ്ടുമണിക്കൂര്‍ 10 മിനിറ്റാണ് ഗ്രാന്‍റ്‌മാസ്റ്ററിന്‍റെ ദൈര്‍ഘ്യം. അനാവശ്യമായ ഒരു സീനോ ഗാനരംഗമോ പോലും ചിത്രത്തിലില്ല. വളരെ ഷാര്‍പ് ആയി എഡിറ്റ് ചെയ്തിരിക്കുകയാണ്. യു ടി വി മോഷന്‍ പിക്ചേഴ്സും മാക്സ്‌ലാബും ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :