അയ്യപ്പ ബൈജുവും മണിരത്നവും തമ്മിലെന്ത്?

WEBDUNIA|
PRO
നായകനും ഇരുവരും പോലുള്ള ലോകോത്തര സിനിമകള്‍ എടുത്ത സം‌വിധായകനാണ് മണിരത്നം. അയ്യപ്പ ബൈജു എന്ന മുഴുക്കുടിയനെ അവതരിപ്പിച്ച് കേരളക്കരയെ കുടുകുടാ ചിരിപ്പിച്ച കലാകാരനാണ് ആലപ്പുഴ പുന്നപ്ര സ്വദേശിയായ പ്രശാന്ത്. ഇവര്‍ തമ്മില്‍ എന്തെന്നല്ലേ? മണിരത്നത്തിന്റെ അടുത്ത സിനിമയില്‍ ഒരു കൈ നോക്കാന്‍ അയ്യപ്പ ബൈജുവെന്ന പ്രശാന്തിന് അവസരം ലഭിച്ചിരിക്കുകയാണ്.

മണിരത്നം ‘കണ്ണത്തില്‍ മുത്തമിട്ടാല്‍’ (2002) എന്ന ഹിറ്റിന് ശേഷം അഞ്ചോളം പടങ്ങള്‍ സം‌വിധാനം ചെയ്തെങ്കിലും എല്ലാം പരാജയത്തില്‍ കലാശിച്ചു. ‘കടല്‍’ എന്ന പേരില്‍ ഒരുക്കുന്ന പുതിയ പ്രൊജക്റ്റില്‍ തിരിച്ചുവരവിന്റെ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് മണിരത്നം. എആര്‍. റഹ്‌മാന്‍ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന്റെ പ്രദര്‍ശനാവകാശം 25 കോടി രൂപയ്‌ക്ക് ജെമിനി ഫിലിംസ്‌ കരസ്‌ഥമാക്കിയിട്ടുണ്ട്.

പ്രശാന്ത് ഈ സിനിമയില്‍ അവതരിപ്പിക്കുക ഒരു വികലാംഗനെയാണ്. പഴയ മണിരത്നം സിനിമകളിലെ സ്ഥിര സാന്നിധ്യമായ അരവിന്ദ് സ്വാമി തിരിച്ചുവരുന്ന സിനിമ കൂടിയാണിത്. മലയാളികള്‍ക്ക് പ്രിയങ്കരനായ തമിഴ് താരം പശുപതി, ആക്ഷന്‍ കിംഗ് അര്‍ജ്ജുന്‍ എന്നിവരും അഭിനയിക്കുന്ന ഈ സിനിമയിലെ നായിക സാമന്തയാണ്.

തമിഴ് നടന്‍ കാര്‍ത്തിക്കിന്റെ മകന്‍ ഗൌതമാണ് കടലിലെ നായകന്‍. കടലിന്റെ പശ്‌ചാത്തലത്തില്‍ ഒരു പ്രണയകഥയാണ്‌ മണിരത്നം ഒരുക്കുന്നത്‌ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ കടലോര ഗ്രാമമായ മനപ്പാട്‌ 'കടലി'ന്റെ ചിത്രീകരണമാരംഭിച്ചു. കേരളത്തില്‍ കോട്ടയവും, മുഹമ്മയും, കൊച്ചിയും ഈ ചിത്രത്തിന്റെ ലൊക്കേഷനാകുമെന്നറിയുന്നു.

മണിരത്നവും ജയമോഹനും ചേര്‍ന്ന്‌ തിരക്കഥയെഴുതിയ 'കടലി'ന്റെ ഛായാഗ്രാഹകന്‍ മലയാളിയായ രാജീവ്‌ മേനോനാണ്‌. ശ്രീകര്‍ പ്രസാദാണ്‌ എഡിറ്റിംഗ്‌ നിര്‍വ്വഹിക്കുന്നത്‌. നവംബറില്‍ തിയേറ്ററുകളിലെത്തുന്ന ഈ സിനിമയില്‍ മലയാള നടന്‍ ലാലും ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :