മലേഷ്യയിലെ അധോലോക നായകന്‍ - തേജാ ഭായ്. ക്വാലാലംപൂരിനെ വിറപ്പിക്കുന്ന ഡോണാണ് കക്ഷി. പക്ഷേ എന്തുചെയ്യാം, ഒരു പ്രണയത്തില്‍ പെട്ടുപോയി. മനുഷ്യത്വമില്ലാത്ത, സ്നേഹത്തിന് തെല്ലും വില നല്‍കാത്ത, തന്‍റേതായ നീതി മാത്രം നടപ്പാക്കുന്ന തേജാ ഭായ് പക്ഷേ വേദിക എന്ന പെണ്‍കുട്ടിയുടെ മുന്നില്‍ എല്ലാം അടിയറ വയ്ക്കുകയാണ്.
താന്‍ ആരാണെന്ന് വെളിപ്പെടുത്താതെ ഒരു പാവം കാമുകനായി തേജാ അവളുടെ മുന്നില്‍ അവതരിക്കുകയാണ്. വേദികയുടെ, കേരളത്തിലെ തറവാട്ടിലേക്ക് തേജാ ഭായ് വിവാഹാലോചനയുമായി എത്തുന്നു. തുടര്‍ന്നുണ്ടാകുന്ന നര്‍മ്മപ്രധാനമായ സംഭവങ്ങളുടെ കഥയാണ് തേജാഭായ് ആന്‍റ് ഫാമിലി. പൃഥ്വിരാജാണ് നായകകഥാപാത്രമായ തേജാഭായിയെ അവതരിപ്പിക്കുന്നത്.
ദീപു കരുണാകരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ സിനിമ ഒരു കോമഡി എന്‍റര്‍ടെയ്നറാണ്. കാര്യസ്ഥനിലൂടെ അരങ്ങേറിയ അഖിലയാണ് വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ തിരുവനന്തപുരവും മലേഷ്യയുമാണ്.
ആക്ഷന്‍ സിനിമകളില്‍ നിന്ന് കുടുംബചിത്രങ്ങളിലേക്ക് കളംമാറുന്ന പൃഥ്വിരാജിന് ഏറെ പ്രതീക്ഷയുള്ള സിനിമയാണ് തേജാഭായ് ആന്‍റ് ഫാമിലി. വിന്‍റര്‍, ക്രേസി ഗോപാലന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ദീപു സംവിധാനം ചെയ്യുന്ന ഈ ചിത്രം തനിക്ക് പുതിയ ഇമേജ് സമ്മാനിക്കുമെന്നാണ് പൃഥ്വി വിശ്വസിക്കുന്നത്. ഇപ്പോള്‍ മാണിക്യക്കല്ല് എന്ന കുടുംബചിത്രത്തില്‍ അഭിനയിച്ചുവരുന്ന പൃഥ്വി ഇനി കൂടുതലും ഫാമിലി എന്‍റര്‍ടെയ്നറുകളില്‍ അഭിനയിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്.