BIJU|
Last Updated:
ചൊവ്വ, 14 നവംബര്‍ 2017 (12:34 IST)
ഉദയ്കൃഷ്ണ എഴുത്തിന്‍റെ തിരക്കിലാണ്. മോഹന്‍ലാല്‍ നായകനാകുന്ന അടുത്ത ചിത്രത്തിന്‍റെ രചന ഉദയനാണ്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വയനാടന്‍ തമ്പാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
പുലിമുരുകന് ശേഷം ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാലിനായി ഒരു ബ്രഹ്മാണ്ഡചിത്രം തന്നെയാണ് ഒരുങ്ങുന്നത്. തിരക്കഥ പലതവണ മാറ്റിയെഴുതി എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ചതിന് ശേഷം മാത്രമേ പ്രൊജക്ട് ആരംഭിക്കുകയുള്ളൂ.
2018 ജൂണ്‍ മാസത്തില്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുലിമുരുകന്‍ നിര്‍മ്മിച്ച ടോമിച്ചന്‍ മുളകുപാടമാണ് ഈ സിനിമയുടെയും നിര്‍മ്മാതാവ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വലിയ ഇടവേളയ്ക്ക് ശേഷമാണ് ജോഷി തന്‍റെ പുതിയ സിനിമ പ്ലാന്‍ ചെയ്യുന്നത്. വമ്പന്‍ പരാജയം നേരിട്ട ‘ലൈലാ ഓ ലൈലാ’ ആണ് ജോഷി ഒടുവില്‍ സംവിധാനം ചെയ്ത സിനിമ.