ഹാട്രിക് തേടി ജെനിലിയ

IFMIFM
തെലുങ്കില്‍ വിസ്മയം സൃഷ്ടിച്ച ചിത്രമായിരുന്നു ഭാസ്കര്‍ സംവിധാനം ചെയ്ത ‘ബൊമ്മറിലു’. സിദ്ധാര്‍ത്ഥും ജെനിലിയയും തകര്‍ത്ത് അഭിനയിച്ച ആ സിനിമ ഭാഷകള്‍ക്കതീതമായി വളരുകയാണ്. ബൊമ്മറിലു ജയം രാജ തമിഴില്‍ റീമേക്ക് ചെയ്തു. ‘സന്തോഷ് സുബ്രഹ്മണ്യം’ എന്ന ആ സിനിമ തമിഴിലെ ബ്ലോക്ബസ്റ്ററായി. ജയം രവിയും ജെനിലിയയുമായിരുന്നു താരങ്ങള്‍.

ഈ സിനിമയുടെ ഹിന്ദി റീമേക്ക് ഉടന്‍ പുറത്തിറങ്ങും. ചിത്രത്തിന്‍റെ പേര് ‘ഇറ്റ്സ് മൈ ലൈഫ്’. ഹര്‍മന്‍ ബാവേജയും ജെനിലിയയും ജോഡികള്‍. അനീസ് ബസ്മിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

ഈ മൂന്നു ചിത്രങ്ങളിലെയും അവിഭാജ്യ ഘടകം എന്താണ് എന്ന ചോദ്യത്തിന് ജെനിലിയയുടെ അഭിനയം എന്നാകും ആരുടെയും മറുപടി. ജെനിലിയ ഡിസൂസയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമകളിലെ ഹാസിനി.

കൊച്ചു കുട്ടികളുടെ നിഷ്കളങ്കതയും കുസൃതികളുമുള്ള ഈ കഥാപാത്രം ജെനിലിയയ്ക്ക് ആരാധകരെ കുറച്ചൊന്നുമല്ല നേടിക്കൊടുത്തത്.

കുടുംബ ബന്ധങ്ങളെയും പ്രണയത്തെയും ഒരു പോലെ ബഹുമാനിക്കുന്ന രണ്ട് കമിതാക്കളുടെ കഥയാ‍ണിത്. താന്‍ സ്നേഹിക്കുന്ന പുരുഷന്‍റെ വീട്ടില്‍ വിവാഹത്തിന് മുന്‍‌പ് വന്ന് താമസമാക്കുന്നതും വീട്ടുകാരുമായി ഹാസിനി ഉണ്ടാക്കുന്ന കലഹങ്ങളും രസങ്ങളുമാണ് ചിത്രത്തിന്‍റെ കാതല്‍. ഒരു അച്ഛനും മകനും തമ്മിലുള്ള ഹൃദയബന്ധവും ചിത്രത്തിന് വിഷയമാകുന്നു.

തെലുങ്കിലും തമിഴിലും നേടിയ വിജയം ഹിന്ദിയിലും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജെനിലിയ. അങ്ങനെ സംഭവിച്ചാല്‍ അത് ജെനിലിയയുടെ ഹാട്രിക് നേട്ടമാണ്.

WEBDUNIA|
തെലുങ്കിലും തമിഴിലും ഹിന്ദിയിലും ഒരു പോലെ ജനപ്രീതി നേടിയ താരമാകുകയാണ് ജെനിലിയ. ബോളിവുഡിലെ വന്‍ ഹിറ്റുകളിലൊന്നായ ‘ജാനേ തു യ ജാനേ ന’യില്‍ ജെനിലിയയായിരുന്നു നായിക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :