കാസനോവ മോഹന്‍ലാലിന്റെ കരിയറിലെ വലിയ തിരിച്ചടികളില്‍ ഒന്നായിരുന്നു. കോടികള്‍ മുടക്കിയെടുത്ത ചിത്രം ജനങ്ങളുടെ അപ്രീതി നേടി അവസാനിച്ചു. വര്‍ഷങ്ങളോളം അധ്വാനിച്ചതിന് ഫലമില്ലാതെ പോയി. ടെക്നിക്കലി മികച്ച സിനിമയാണെങ്കിലും പ്രേക്ഷകര്‍ തിരസ്കരിച്ചതോടെ കാസനോവ തികഞ്ഞ പരാജയചിത്രമായി വിലയിരുത്തപ്പെട്ടു.
ഒരു തിരിച്ചുവരവ് മോഹന്‍ലാലിന് ആവശ്യമാണ്. വലിച്ചുവാരി സിനിമ ചെയ്യേണ്ടെന്നും വളരെ സെലക്ടീവായി മാത്രം ഇനി നീങ്ങിയാല്‍ മതിയെന്നും മോഹന്‍ലാല്‍ തീരുമാനിച്ചിരിക്കുകയാണ്. മാത്രമല്ല, പ്രായത്തിന് അനുയോജ്യമായ കരുത്തുറ്റ വേഷങ്ങള്‍ മാത്രമേ ഇനി യൂണിവേഴ്സല്‍ സ്റ്റാര്‍ സ്വീകരിക്കുകയുള്ളൂ. എന്തായാലും അത്തരമൊരു സിനിമ ഏപ്രില്‍ 26ന് റിലീസാകും.
ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ‘ഗ്രാന്റ്മാസ്റ്റര്‍’. ഒരു തികഞ്ഞ ഫാമിലി ആക്ഷന്‍ ഡ്രാമയാണ് ഈ സിനിമ എന്നാണ് റിപ്പോര്‍ട്ടുകള്‍. ചന്ദ്രശേഖരന് എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് മോഹന്‍ലാല്‍ ഗ്രാന്റ്മാസ്റ്ററില്‍ അവതരിപ്പിക്കുന്നത്. പ്രിയാമണിയാണ് നായിക. ‘ടേക്കണ്‍’ എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സിനിമയൊരുക്കുന്നതെന്ന് സൂചനയുണ്ട്.
ഏപ്രില്‍ 26ന് തന്നെ മോഹന്‍ലാല്‍ അഭിനയിച്ച മറ്റൊരു ചിത്രവും പ്രദര്‍ശനത്തിനെത്തും. പ്രിയദര്‍ശന്റെ ‘തേസ്’. ലാല്‍ ഈ ചിത്രത്തില്‍ അതിഥിതാരമാണ്. എന്തായാലും കേരളത്തില്‍ ഒട്ടേറെ തിയേറ്ററുകളില്‍ തേസ് പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം.
മോഹന്‍ലാല്‍ അഭിനയിച്ച രണ്ടു ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്യുന്നു എന്നത് സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. എന്തായാലും മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള ദിവസങ്ങളാണ് ഏപ്രില്‍ അവസാനവാരം വരാന്‍ പോകുന്നത്.