സ്മാര്‍ട്ട്സിറ്റി എന്ന ആക്ഷന്‍ ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്റെ രണ്ടാമത്തെ ചിത്രം ഇളവട്ടം ഗ്രാമത്തിന്റെ ഹൃദയമായ മാടമ്പിയെ കുറിച്ചാണ്. ഗോപാല കൃഷ്ണന് എന്നാണ് പേര്. പുത്തന്‍ വീട്ടില്‍ ഗോപാലകൃഷ്ണപിള്ള ഒരു മാടമ്പി പലിശക്കാരനാണ്. എന്നാല്‍ അറുത്ത കൈയ്ക്ക് ഉപ്പു തേക്കാത്ത പലിശക്കാരന് അല്ല താനും.
സാധാരണ പലിശക്കാര്‍ ചെയ്യുന്നതു പോലെ പണം നല്കുമ്പോള് ഈട് വാങ്ങാനൊന്നും ഗോപാലകൃഷ്ണപിള്ള മിനക്കെടാറില്ല. വാക്കാണ് പിള്ളയ്ക്ക് വലുത്. കുറഞ്ഞ പലിശയ്ക്ക് പണം നല്കുന്ന ഗോപാലകൃഷ്ണന് പക്ഷേ പറഞ്ഞ സമയത്ത് പണം തിരിച്ചു നല്‍കണം എന്നതാണ് നിബന്ധന. അല്ലെങ്കില്‍ അപകടകാരിയായി മാറുന്നത് കാണാം.
ശുദ്ധ ഗ്രാമീണനായ അയാള്‍ ഒട്ടേറെ നന്മകള് കാത്ത് സൂക്ഷിക്കുന്നയാളാണ്. സഹായം വേണ്ടവര്‍ എന്ന് ഉത്തമ ബോധ്യമുണ്ടെങ്കില്‍ അകമഴിഞ്ഞു സഹായിക്കാനും പിള്ള മടിക്കാറില്ല. നല്ലവര്‍ക്ക് നല്ലവനും അശരണര്‍ക്ക് ആശ്രയവുമാണ് ഈ മാടമ്പി. ഗോപാലകൃഷ്ണന്റെ മറ്റൊരു വശം മാതൃഭാഷാ സ്നേഹമാണ്. ഒരു ട്യൂഷന് സെന്റര്‍ നടത്തുന്നുണ്ട്.
മലയാളത്തിന്റെ കാര്യത്തില്‍ പണ്ഡിതനായ മാടമ്പി സ്വന്തം ട്യൂഷന് സെന്ററില്‍ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതും ഈ ഭാഷാസ്നേഹം കൊണ്ട് തന്നെയാണ്. വളരെ കുറഞ്ഞ പലിശയ്ക്ക് വായ്പ വാഗ്ദാനം ചെയ്തു കൊണ്ട് ഗ്രാന്‍ഡ് ബാങ്ക് ഗ്രാമത്തില്‍ തുറക്കുന്നതോടെ കഥമാറുകയാണ്. ബാങ്കിന്റെ മാനേജര്‍ സുന്ദരിയായ ജയലക്ഷ്മി എന്ന യുവതിയാണ്.
ചില വ്യത്യസ്തമായ ഉദ്ദേശങ്ങളുമായിട്ടാണ് ജയലക്ഷ്മി ഗ്രാമത്തില്‍ എത്തുന്നത്. തുടര്‍ന്നുള്ള കഥ സുന്ദരമായ ഒരു ക്ലൈമാക്സോടെ അതിലേക്ക് പോകുന്നു. തമാശയും ആക്ഷനും കോര്‍ത്തിണക്കിയാണ് മാടമ്പിയിലെ കഥ മുന്നോട്ട് കൊണ്ടുപോവുന്നത്. മോഹന്‍ലാല്‍ ഗോപാലകൃഷ്ണന് പിള്ളയും കാവ്യാമാധവന് ജയലക്ഷ്മിയും ആകുന്നു.
കാവ്യാമാധവന് മോഹന്‍ലാലിനു നായികയാകുന്ന അദ്യ ചിത്രം കൂടിയാണ് ഇത്. ഗോപാലകൃഷ്ണന്റേ ഇളയ സഹോദരനെ അവതരിപ്പിക്കുന്നത് അജ്മല്‍ അമീറാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ മൂന്ന് ഗാനങ്ങള്‍ക്ക് പുറമേ അനില്‍ പനച്ചൂരാന്റെ ഒരു കവിത കൂടി ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എം ജയചന്ദ്രന്റെ സംഗീതം.
WD
PRO
WEBDUNIA|
സൂര്യാ മൂവീസ് നിര്‍മ്മിക്കുന്ന ചിത്രം റിലീസ ചെയ്യുന്നത് വൈശാഖ് മൂവീസാണ്. വേണു ക്യാമറയും ബി സി ജോഷി നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ജഗതി, രാജന് പി ദേവ്, ജയസൂര്യാ, ഭാമ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.