WEBDUNIA|
Last Modified ചൊവ്വ, 22 ജൂണ്‍ 2010 (15:06 IST)
PRO
ഗൌതം വാസുദേവ് മേനോന് പ്രവചനാതീതനായ സംവിധായകനാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ ഏതുരീതിയിലുള്ളവയാണെന്ന് ആര്‍ക്കും മുന്‍കൂട്ടി പറയാനാവില്ല. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ അടുത്ത പ്രൊജക്ട് ഏതാണെന്ന കാര്യവും. അജിത്തിനെ നായകനാക്കി ഒരു സിനിമ ഒരുക്കുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. വിണ്ണൈ താണ്ടി വരുവായായുടെ ഹിന്ദി പതിപ്പിനെപ്പറ്റിയും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി പുതിയ പുതിയ പ്രൊജക്ടുകള്‍ ഗൌതം പ്രഖ്യാപിക്കുന്നു.
സമീര റെഡ്ഡിയെ കേന്ദ്ര കഥാപാത്രമാക്കി ഒരു ലോ ബജറ്റ് ചിത്രം ഗൌതം സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, തന്റെ മറ്റൊരു പ്രൊജക്ടിനുള്ള ഒരുക്കങ്ങള്‍ അദ്ദേഹം തകൃതിയായി നടത്തുന്നു. തെലുങ്കിലെ യംഗ് സൂപ്പര്‍സ്റ്റാര്‍ റാണ ദഗ്ഗുബാട്ടി നായകനാകുന്ന സിനിമയാണ് അദ്ദേഹം അടുത്തതായി സംവിധാനം ചെയ്യുന്നത്. നായിക സാമന്ത. ഇതിന്റെ ഫോട്ടോഷൂട്ട് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു.
ജൂലൈ അവസാന വാരം ചിത്രീകരണമാരംഭിക്കുന്ന റാണ - സാമന്ത പ്രൊജക്ട് ഒരു വ്യത്യസ്തമായ പ്രണയകഥയാണ് പറയുന്നത്. തെലുങ്കിലും തമിഴിലുമായി ചിത്രീകരിക്കുന്ന ഈ സിനിമ ഒരു ബിഗ് ബജറ്റ് പദ്ധതിയാണ്. കഴിഞ്ഞ ദിവസം എ വി എം സ്റ്റുഡിയോയിലാണ് ഈ സിനിമയുടെ ഫോട്ടോ ഷൂട്ട് നടന്നത്.
തെലുങ്കിലെ സിനിമാ ദൈവം ഡി രാമനായിഡുവിന്റെ ചെറുമകനും സൂപ്പര്‍സ്റ്റാര്‍ വെങ്കിടേഷിന്റെ അനന്തരവനുമാണ് റാണ. ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത ‘ലീഡര്‍’ എന്ന മെഗാഹിറ്റിലൂടെയാണ് റാണയുടെ രംഗപ്രവേശം. ഇതിനകം തന്നെ പ്രമുഖ സംവിധായകരെല്ലാം തങ്ങളുടെ റാണ പ്രൊജക്ടുകളുടെ ജോലിയിലാണ്. ‘വിണ്ണൈ താണ്ടി വരുവായാ’യുടെ തെലുങ്ക് പതിപ്പായ ‘യേ മായ ചേസാവേ’യിലെ നായികയാണ് സാമന്ത. ഈ താരങ്ങളെ ഒന്നിപ്പിച്ച് ഒരു പ്രണയകഥ ഗൌതം വാസുദേവ് മേനോന് ഒരുക്കുമ്പോള്‍ ‘വി ടി വി’യുടെ വിജയം ആവര്‍ത്തിക്കുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.