ആത്മാവ് നഷ്ടമായ സാവരിയ

IFM
സാവരിയ വന്‍ പ്രതീക്ഷകള്‍ നല്‍കികൊണ്ടാണ് പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍, ഹൃദയത്തില്‍ തട്ടാതെ എന്തൊക്കെയോ ദൃശ്യാനുഭൂതികള്‍ മാത്രം പകര്‍ന്ന് തന്ന് ഈ ചിത്രം പ്രേക്ഷകരെ കടന്ന് പോവുകയാണ്. പ്രണയ വേദനകള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കാതെ കാഴ്ചാഭ്രമം സൃഷ്ടിച്ചത് ചിത്രത്തിന്‍റെ ആത്മാവിനെ നഷ്ടപ്പെടുത്തി.

ഫിയോദര്‍ ദത്തോവ്‌സ്കിയുടെ “വൈറ്റ് നൈറ്റ്സ്” എന്ന ചെറുകഥയെ ആധാരമാക്കി സഞ്ജയ് ലീലാ ഭന്‍സാലി ചെയ്യാന്‍ ശ്രമിച്ചതെന്തോ അതുമാത്രം നടന്നില്ല എന്ന് വേണം പറയാന്‍. ദൃശ്യങ്ങള്‍ ചമയ്ക്കുന്നതില്‍ അമിത ശ്രദ്ധ നല്‍കിയ ഭന്‍സാലി പ്രേക്ഷക ഹൃദയങ്ങളെ മറന്നു.

കഥയിലെ പ്രണയവും അതിന്‍റെ നിറഞ്ഞു നില്‍ക്കുന്ന വേദനയും സിനിമാവിഷ്കാരത്തിന്‍റെ കൂട്ടിവയ്പ്പുകളില്‍ തട്ടി ചിതറിപ്പോയി. വേണമെങ്കില്‍ നല്ലൊരു ഛായാഗ്രഹണ വിരുന്ന് എന്ന് പറയാവുന്ന സാവരിയക്ക് ശരാശരി സിനിമയുടെ നിലവാരമേ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ സാധിക്കൂ.

സ്വപ്ന സുന്ദരമായ ഗൃഹങ്ങളും പ്രകൃതിയും എല്ലാം ചേര്‍ന്ന സാവരിയ സ്വര്‍ഗ്ഗ സമാനമാണ്. രണ്‍ബീര്‍ രാജ് (രണ്‍ബീര്‍ കപൂര്‍) എന്ന ഗായകന്‍ അതി സുന്ദരനാണ്. അവന്‍റെ നടപ്പിലും രീതികളിലും ആകര്‍ഷകത്വം തുളുമ്പുന്നു. അഭിസാരികയായ ഗുലാബിലും അവന്‍ കൌതുകമുയര്‍ത്തുന്നു. അവള്‍ക്ക് അവനോട് പ്രണയം ഉണ്ടാവാന്‍ സംഗീതവും ആരെയും ചിരിപ്പിക്കുന്ന സ്വഭാവവും പോരേ?

IFM
ഒരു പാലത്തില്‍ വച്ച് കണ്ട് മുട്ടിയ സക്കീന (സോണം കപൂര്‍) രണ്‍ബീറിനെ വളരെയധികം ആകര്‍ഷിച്ചു. എന്നാല്‍, അവളുമായി അടുത്ത പരിചയം കൊതിച്ച രണ്‍ബീറിന് അത് പൂര്‍ണ്ണമായും സാധ്യമാക്കാനായില്ല. അവളുമായി നടന്ന അടുത്ത കൂടിക്കാഴ്ചയില്‍ അവള്‍ ഒരാളെ (സല്‍മാന്‍) സ്നേഹിക്കുന്നു എന്നും ഈദ് ദിനത്തില്‍ മടങ്ങുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന അയാളെ കാത്തിരിക്കുകയാണെന്നും മനസ്സിലായി.

PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :