‘പ്രണയത്തിനായുള്ള ആഗ്രഹം വേണ്ടാ. സ്ത്രീകള്‍ ജീവിതത്തിലെ ശാപമാണ്’ - ഈ വരികള്‍ ‘മയക്കം എന്ന’ എന്ന തമിഴ് ചിത്രത്തിലെ ഒരു ഗാനത്തിലാണുള്ളത്. ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രണയനൈരാശ്യം കൊണ്ട് നായകന്‍(ധനുഷ്) പാടുന്ന ഈ പാട്ട് എന്തായാലും ഇപ്പോള്‍ കോടതി കയറുകയാണ്. സ്ത്രീകളെക്കുറിച്ച് മോശമായ സങ്കല്‍പ്പം സൃഷ്ടിക്കുന്ന ഗാനമാണിതെന്ന് ആരോപിച്ച് കെ രാമസുബ്രഹ്മണ്യന്‍ എന്നയാളാണ് സംവിധായകനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
‘അടിടാ അവളെ ഒതടാ അവളെ വെട്രാ അവളെ തേവയെ ഇല്ലെ’ - എന്നീ വരികളും സ്ത്രീകളെ അപമാനിക്കുന്നതിനും സമൂഹത്തില്‍ ഇടിച്ചുതാഴ്ത്തുന്നതിനുമായി ബോധപൂര്‍വം എഴുതിയതാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് പ്രസ്തുത വരികളെന്നും പരാതിക്കാരന്‍ പറയുന്നു.
ശെല്‍വരാഘവനും ധനുഷും ചേര്‍ന്നാണ് ഈ ഗാനത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഗാനം സ്ത്രീകളെ അവഹേളിക്കുന്നതിന് വേണ്ടിയല്ലെന്നും ആ സിനിമയിലെ പ്രത്യേക സന്ദര്‍ഭത്തിന് അനുയോജ്യമായ വരികളാണ് ഗാനത്തിലുള്ളതെന്നും ശെല്‍വരാഘവന്‍റെ പത്നി ഗീതാഞ്ജലി വ്യക്തമാക്കി.
“ഈ ഗാനത്തേക്കാള്‍ മോശമായ എത്രയോ ഗാനങ്ങള്‍ ഇതിനുമുമ്പും ശേഷവും വന്നിട്ടുണ്ട്. സ്ത്രീകളെക്കുറിച്ച് വള്‍ഗറായ ആക്ഷേപങ്ങള്‍ ഉള്ള ഗാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇത്തരം പരാതികള്‍ കണ്ടിട്ടില്ല. മാത്രമല്ല, മയക്കം എന്ന റിലീസായി ഇത്രയും നാളുകള്‍ക്ക് ശേഷം ഇങ്ങനെ ഒരു കേസ് ഉണ്ടായത് അത്ഭുതപ്പെടുത്തുന്നു” - ഗീതാഞ്ജലി ശെല്‍വരാഘവന്‍ പ്രതികരിച്ചു.