‘ഇന്ത്യന്‍ റുപ്പീ’യില്‍ നിന്ന് സലിംകുമാര്‍ പുറത്താകും?
WEBDUNIA|
PRO
ദേശീയ - സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതോടെ പതിവുപോലെ വിവാദവും തുടങ്ങി. സലിംകുമാറിനേക്കാള്‍ അവാര്‍ഡു നേടാന്‍ യോഗ്യന്‍ മമ്മൂട്ടിയാണെന്ന പ്രസ്താവനയുമായി സംവിധായകന്‍ രഞ്ജിത്താണ് വിവാദത്തിന് തുടക്കമിട്ടത്. കെ ജി ജോര്‍ജ് ജൂറി അധ്യക്ഷനായിരുന്നെങ്കില്‍ പ്രാഞ്ചിയേട്ടന് അവാര്‍ഡ് നല്‍കുമായിരുന്നു എന്നും രഞ്ജിത് പറഞ്ഞു. ‘ഭിക്ഷ കിട്ടാത്തതിന് ഭിക്ഷക്കാരന്‍ വീട്ടുകാരെ ചീത്ത പറയുന്നതുപോലെ’യാണ് രഞ്ജിത്തിന്‍റെ പരാമര്‍ശങ്ങളെന്ന് തിരിച്ചടിച്ച് സലിംകുമാറും കളത്തിലിറങ്ങിയതോടെ വിവാദം കൊഴുത്തു.
എന്തായാലും സിനിമാലോകത്ത് മറ്റൊരു ചര്‍ച്ച നടക്കുകയാണ്. സലിംകുമാര്‍ ഇനി രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ അഭിനയിക്കുമോ? ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ‘ഇന്ത്യന്‍ റുപ്പീ’ എന്ന ചിത്രത്തില്‍ സലിംകുമാറിന് ഒരു വേഷം രഞ്ജിത് കരുതിവച്ചിട്ടുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ ഇന്ത്യന്‍ റുപ്പീയില്‍ നിന്ന് സലിംകുമാര്‍ ഒഴിവാക്കപ്പെടുമെന്നാണ് സൂചന.
സലിംകുമാറിന്‍റെ അഭിനയത്തെക്കുറിച്ച് അത്ര നല്ല അഭിപ്രായമില്ലാത്ത രഞ്ജിത്താണ് പക്ഷേ സലിമിന് വളരെ മികച്ച ഒരു വേഷം നല്‍കിയതെന്നത് കൌതുകമുള്ള കാര്യമാണ്. രഞ്ജിത് ഒരുക്കിയ കേരളാ കഫെ ‘സിനിമാക്കൂട്ട’ത്തിലെ ‘ബ്രിഡ്ജ്’ എന്ന ഹ്രസ്വചിത്രത്തില്‍ നായകന്‍ സലിംകുമാറായിരുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ആ ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും സലിമിന് പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു.
രഞ്ജിത് സംവിധാനം ചെയ്ത ‘പ്രജാപതി’ എന്ന ചിത്രത്തില്‍ ഒരു സൂപ്പര്‍സ്റ്റാറിന്‍റെ വേഷത്തില്‍ സലിംകുമാര്‍ അഭിനയിച്ചതും ഓര്‍ക്കേണ്ടതാണ്. എന്തായാലും ഇനിയൊരു രഞ്ജിത് ചിത്രത്തില്‍ സലിമിന് ഇടം കിട്ടുമോ? കാത്തിരുന്നു കാണാം.