ഒരാഴ്ച മുമ്പ് തമിഴ് സൂപ്പര്‍താരം സൂര്യ, സംവിധായകന്‍ കെ എസ് രവികുമാര്‍, ഹാസ്യതാരം വടിവേലു എന്നിവരുടെ വീടുകളില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത് വന്‍ വാര്‍ത്തയായിരുന്നു. സിനിമാ പ്രവര്‍ത്തകരുടെ വീടുകളില്‍ ഇന്‍കം ടാക്സ് റെയ്ഡ് നടക്കുന്നത് അത്ര പുതുമയുള്ള സംഗതി അല്ലാത്തതിനാല്‍ സിനിമാലോകത്ത് അത് അത്ര വലിയ ചലനം സൃഷ്ടിച്ചില്ല.
എന്നാല്‍ റെഡ് നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരു വാര്‍ത്ത പരന്നു. സൂര്യയുടെയും രവികുമാറിന്‍റെയും വടിവേലുവിന്‍റെയും വീടുകളില്‍ റെയ്ഡ് നടന്നതിന് പിന്നില്‍ പ്രശസ്ത നിര്‍മ്മാതാവും തമിഴ്നാട് ഉപമുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകനുമായ ഉദയാനിധി സ്റ്റാലിന്‍ ആണ് എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതോടെ കോളിവുഡില്‍ ഈ റെയ്ഡും അനുബന്ധ സംഭവങ്ങളും ചര്‍ച്ചാ വിഷയമായി മാറി.
അടുത്ത കാലത്ത് ഉദയാനിധി സ്റ്റാലില്‍ നിര്‍മ്മിച്ച ‘ആദവന്‍’ എന്ന ചിത്രത്തിലെ നായകനാണ് സൂര്യ. ആ ചിത്രത്തിലെ പ്രധാന ഹാസ്യതാരം വടിവേലുവും സംവിധായകന്‍ കെ എസ് രവികുമാറും ആയിരുന്നു. തങ്ങളുടെ പ്രതിഫലത്തുകയുടെ ബാക്കി ലഭിക്കാനായി ഈ മൂന്നു പേരും ഉദയാനിധിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. സമ്മര്‍ദ്ദം കൂടിയതോടെ മൂവരെയും ഒന്നു ഭയപ്പെടുത്തുന്നതിനായാണ് ഉദയാനിധി സ്റ്റാലിന്‍ തന്‍റെ സ്വാധീനമുപയോഗിച്ച് ആദായനികുതി റെയ്ഡ് നടത്തിയതെന്നാണ് പ്രചരിച്ച വാര്‍ത്ത.
എന്നാല്‍ ഈ സംഭവം വിവാദമായതോടെ ഉദയാനിധി സ്റ്റാലിന്‍ തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ നേരിട്ടിറങ്ങിയിരിക്കുകയാണ്. അദ്ദേഹം സ്വവസതിയില്‍ സൂര്യയെ വിളിച്ചു വരുത്തി സത്യാവസ്ഥ ധരിപ്പിച്ചു. റെയ്ഡുമായി തനിക്കൊരു ബന്ധവുമില്ലെന്നും ഇതെല്ലാം മാധ്യമങ്ങള്‍ കെട്ടിച്ചമച്ച കഥകളാണെന്നുമാണ് സൂര്യയോട് ഉദയാനിധി പറഞ്ഞത്.
താന്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തിലും ‘ആദവന്‍’ ടീം തന്നെയായിരിക്കും പ്രവര്‍ത്തിക്കുകയെന്നും പിന്നെ എന്തിനാണ് അവരെ ദ്രോഹിക്കുന്നതെന്നുമാണ് ഉദയാനിധി ഇപ്പോള്‍ ചോദിക്കുന്നത്. എന്തായാലും സൂര്യയ്ക്ക് ഇക്കാര്യത്തില്‍ ഉദയാനിധിയോട് പിണക്കമൊന്നുമില്ലെന്നാണ് ഒടുവില്‍ ലഭ്യമാകുന്ന വിവരം.