വന്‍ പ്രതീക്ഷയായിരുന്നു ‘പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍’ എന്ന സിനിമയില്‍ പ്രേക്ഷകര്‍ പുലര്‍ത്തിയിരുന്നത്. എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ പരാജയത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായ ഒരു കഥയില്ലാത്തതാണ് സിനിമയെ ബോക്സോഫീസ് ദുരന്തമാക്കി മാറ്റുന്നതെന്ന് പറയാമെങ്കിലും ലക്ഷക്കണക്കിന് മോഹന്‍ലാല്‍ ആരാധകരെ വേദനിപ്പിച്ചത് സിനിമയ്ക്ക് തിരിച്ചടിയായതായാണ് ചില റിപ്പോര്‍ട്ടുകള്‍.
സരോജ്കുമാറില്‍ താരങ്ങളെയും രാഷ്ട്രീയക്കാരെയും കളിയാക്കുന്നുണ്ട്. പൃഥ്വിരാജിനെ, എം വി ജയരാജനെ ഒക്കെ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ മോഹന്‍ലാലിനെ വിമര്‍ശിച്ചതിന്‍റെയും കളിയാക്കിയതിന്‍റെയും പരിധി അല്‍പ്പം കടന്നുപോയെന്ന അഭിപ്രായം എങ്ങുനിന്നും ഉയര്‍ന്നു. മമ്മൂട്ടിയെ കാര്യമായി വിമര്‍ശിക്കാന്‍ ശ്രീനിവാസന്‍ തയ്യാറായതുമില്ല.
മോഹന്‍ലാലിനെ സ്നേഹിക്കുന്നവര്‍ക്ക് സഹിക്കാവുന്നതിലും അധികമാണ് ഈ സിനിമയിലൂടെയുള്ള പരിഹാസമെന്ന് ഒട്ടേറെ ആരാധകര്‍ ‘മലയാളം വെബ്‌ദുനിയ’യോട് പറഞ്ഞു. മലയാള സിനിമയിലെ ഏറ്റവും മികച്ച നടനോട് സിനിമാലോകത്തുനിന്നുള്ളവര്‍ തന്നെ അധിക്ഷേപവര്‍ഷം ചൊരിഞ്ഞത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.
മോഹന്‍ലാലിന്‍റെ സന്തതസഹചാരിയും നിര്‍മ്മാതാവുമായ ആന്‍റണി പെരുമ്പാവൂര്‍ ഏറെ ദുഃഖിതനാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. എന്തായാലും സിനിമ തിയേറ്ററില്‍ പോയി കാണാന്‍ ലാല്‍ ആരാധകര്‍ വിമുഖത കാണിച്ചത് സരോജ്കുമാറിന് ബോക്സോഫീസില്‍ തിരിച്ചടിയേല്‍ക്കാന്‍ കാരണമായതായി പറയപ്പെടുന്നു.
ഇതേ രീതിയില്‍ തന്നെ ശ്രീനിവാസനെ കളിയാക്കുന്ന സിനിമ സന്തോഷ് പണ്ഡിറ്റിനെ വച്ച് ചിത്രീകരിക്കണമെന്നൊക്കെ ചില ലാല്‍ ആരാധകര്‍ സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളിലൂടെ ആവശ്യമുന്നയിക്കുന്നുണ്ട്. എന്തായാലും മോഹന്‍ലാലിനെ വിമര്‍ശിച്ചുകൊണ്ട് ശ്രീനിവാസന്‍ സിനിമയെടുത്തത് മലയാള സിനിമാലോകത്ത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.