സിനിമാ വിവാദവുമായി ബന്ധപ്പെട്ട് സംയമനം പാലിക്കണമെന്ന് നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ആരാധകരോട് ആവശ്യപ്പെട്ടു. മോഹന്‍ലാലിനെതിരെയും മമ്മൂട്ടിക്കെതിരെയും രൂക്ഷ വിമര്‍ശനം നടത്തിയ സുകുമാര്‍ അഴീക്കോടിനെതിരെ ആരാധകര്‍ വ്യാപക പ്രതിഷേധവുമായി രാഗത്തുവന്നതിനെ തുടര്‍ന്നാണ് താരങ്ങള്‍ നേരിട്ട് ആരാധകരോട് അഭ്യര്‍ത്ഥന നടത്തിയത്.
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകര്‍ സംസ്ഥാനത്ത് പലയിടത്തും അഴീക്കോടിന്റെ കോലം കത്തിക്കല്‍ അടക്കമുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതായി മോഹന്‍ലാല്‍, മമ്മൂട്ടി ഫാന്‍സ് അസോസിയേഷന് ഭാരവാഹികള്‍ മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത്തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിച്ചേക്കുമെന്ന തിരിച്ചറിവാണ് താരങ്ങളെ ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. മോഹന്‍ലാല്‍ തിരുവനന്തപുരത്തും മമ്മൂട്ടി എറണാകുളത്തും ഷൂട്ടിംഗിന്റെ തിരക്കുകളിലാണ്.
മോഹന്‍ലാലിനെ വ്യക്തിപരമായി ആക്രമിച്ചുകൊണ്ട് അഴീക്കോട് വ്യഴാഴ്ചയാണ് പത്രസമ്മേളനം നടത്തിയത്. ലാല്‍ ആരാധകര്‍ അഴീക്കോടിന്റെ കോലം കത്തിക്കാന്‍ സംസ്ഥാനത്ത് പലയിടത്തും ശ്രമിച്ചു. ‘എന്റെ കോലം കത്തിക്കുന്നവര്‍ അവരുടെ മുണ്ടിന് തീ പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണ’മെന്നാണ് അഴീക്കോട് പ്രതികരിച്ചത്.