ശബ്‌ദങ്ങള്‍: ബഷീറായി വീണ്ടും മമ്മൂട്ടി!

WEBDUNIA|
PRO
വൈക്കം മുഹമ്മദ് ബഷീറിന്‍റെ വിഖ്യാതകൃതി ‘ശബ്‌ദങ്ങള്‍’ സിനിമയാകുന്നു. പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന് സൂചന. ശബ്‌ദങ്ങളിലെ കേന്ദ്ര കഥാപാത്രമായ പട്ടാളക്കാരനെയാണ് മമ്മൂട്ടി അവതരിപ്പിക്കുക. ബഷീറിന്‍റെ ആത്മാംശമുള്ള കഥാപാത്രമാണിത്.

ഇതോടെ മൂന്നാം തവണയും ബഷീറായി അഭിനയിക്കാനുള്ള അപൂര്‍വ ഭാഗ്യം മമ്മൂട്ടിയെ തേടി എത്തുകയാണ്. മുമ്പ് ബഷീറിന്‍റെ ‘മതിലുകള്‍’ അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമയാക്കിയപ്പോള്‍ മമ്മൂട്ടിയായിരുന്നു ബഷീറായി അഭിനയിച്ചത്. മതിലുകളുടെ രണ്ടാം ഭാഗമായ മതിലുകള്‍ക്കപ്പുറത്തിലും മമ്മൂട്ടിയാണ് നായകന്‍. ഈ സിനിമയ്ക്ക് ശേഷം ശബ്‌ദങ്ങളുടെ ഷൂട്ടിംഗ് ആരംഭിക്കും.

ശബ്ദങ്ങളുടെ തിരക്കഥ എന്‍ ശശിധരനുമായി ചേര്‍ന്ന് പ്രിയനന്ദനന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടെവിടെ, സൈന്യം, നായര്‍സാബ്‌, മേഘം, പട്ടാളം, മിഷന്‍ 90 ഡെയ്സ് തുടങ്ങിയ ചിത്രങ്ങളില്‍ പട്ടാളക്കാരന്‍റെ വേഷം ചെയ്തിട്ടുള്ള മമ്മൂട്ടിയ്ക്ക്‌ വ്യത്യസ്തനായ ഒരു പട്ടാളക്കാരനെയാണ്‌ ശബ്ദങ്ങളില്‍ അവതരിപ്പിക്കാനുള്ളത്‌. രാജ്യത്തിന്‌ വേണ്ടി പോരാടിയെങ്കിലും മാറാരോഗവും തിക്താനുഭവങ്ങളും മാത്രം ബാക്കിയാകുന്ന ഒരു പട്ടാളക്കാരന്‍റെ കഥയാണ്‌ ശബ്ദങ്ങള്‍.

2002ല്‍ പ്രിയനന്ദനന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ‘ശബ്‌ദങ്ങള്‍’. മമ്മൂട്ടിയെത്തന്നെയാണ് അന്നും നായകനായി നിശ്ചയിച്ചത്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ മമ്മൂട്ടിക്ക് ആ പ്രൊജക്ടുമായി സഹകരിക്കാന്‍ കഴിയാതെ വന്നു. തുടര്‍ന്ന് മുരളിയെ നായകനാക്കി പ്രിയനന്ദനന്‍ ‘ശബ്‌ദങ്ങള്‍’ ആലോചിച്ചു. അതും നടന്നില്ല. പിന്നീട് വിക്രമിനെ നായകനാക്കി ശബ്ദങ്ങള്‍ തമിഴിലെടുക്കാന്‍ ഒരു ശ്രമവും പ്രിയനന്ദനന്‍ നടത്തി. അതും ഫലം കണ്ടില്ല. ഒടുവില്‍ ശബ്‌ദങ്ങളിലെ ബഷീറാകാനുള്ള യോഗം മമ്മൂട്ടിയെത്തന്നെ തേടിയെത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :