ശനിയാഴ്ച പിറവത്തുകാര്‍ വോട്ട് ചെയ്യുമോ സിനിമ കാണുമോ?
WEBDUNIA|
PRO
പിറവം ഉപതെരഞ്ഞെടുപ്പ് 17ന് നടക്കുകയാണ്. അനൂപ് ജേക്കബും എം ജെ ജേക്കബും വിജയപ്രതീക്ഷയുമായി പോരാട്ടമുഖത്ത് സജീവമാണ്. പിറവത്തുകാര്‍ മാത്രമല്ല, കേരളം മുഴുവന്‍ ഈ തെരഞ്ഞെടുപ്പുചൂടില്‍ അമര്‍ന്നുകഴിഞ്ഞു.
ശനിയാഴ്ച കേരളത്തിന്‍റെ ശ്രദ്ധ മുഴുവന്‍ പിറവത്തേക്ക് തിരിഞ്ഞിരിക്കുമ്പോള്‍ ആരെങ്കിലും ഒരു സിനിമ കണ്ടുകളയാം എന്ന് കരുതുമോ? കേരളത്തിന്‍റെ മറ്റേതുഭാഗത്തു നിന്ന് ആളുകള്‍ സിനിമ കാണാന്‍ സമയം കണ്ടെത്തിയാലും, പിറവത്തുനിന്ന് ഒരാളെങ്കിലും അന്നേ ദിവസം സിനിമയ്ക്ക് പോകുമോ?
ഒരാളും സിനിമയ്ക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിക്കില്ലെന്ന് സാമാന്യയുക്തിയുള്ളവര്‍ക്ക് ഉറപ്പാണ്. എന്നാല്‍ ചില സിനിമാക്കാര്‍ക്ക് മാത്രം അതൊന്നും തലയില്‍ കയറില്ലെന്നു തോന്നുന്നു. കോടികള്‍ മുടക്കുന്ന നിര്‍മ്മാതാക്കള്‍ റിലീസ് ചെയ്ത് ആദ്യ ദിനത്തില്‍ തന്നെ മുടക്കുമുതലിന്‍റെ പരമാവധി തിരിച്ചുപിടിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്ന ഈ കാലത്ത് മലയാളത്തിലെ ഒരു സിനിമ പിറവം ഉപതെരഞ്ഞെടുപ്പു ദിവസം റിലീസ് ചെയ്യുകയാണ്.
കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ബിജു മേനോന്‍, ജിഷ്ണു, ആന്‍ അഗസ്റ്റിന്‍, ബാബുരാജ് തുടങ്ങിയ വമ്പന്‍ താരങ്ങള്‍ അണിനിരന്ന ‘ഓര്‍ഡിനറി’ എന്ന ചിത്രമാണ് തെരഞ്ഞെടുപ്പ് ദിനത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. നവാഗതനായ സുഗീതാണ് സംവിധായകന്‍.
ഗവിയില്‍ നിന്ന് പത്തനംതിട്ടയിലേക്കുള്ള ഒരു കെഎസ്ആര്‍ടിസി ബസില്‍ നടക്കുന്ന സംഭവങ്ങളാണ് ഓര്‍ഡിനറിയുടെ പ്രമേയം. കുഞ്ചാക്കോ ബോബന്‍ ബസിലെ കണ്ടക്ടറാകുമ്പോള്‍ ഡ്രൈവറാകുന്നത് ബിജുമേനോനാണ്.
എത്ര ഇന്‍ററസ്റ്റിംഗായ സിനിമയാണെങ്കിലും, എത്ര മൂല്യമുള്ള താരങ്ങളുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ചൂടില്‍ റിലീസ് ചെയ്യാനുള്ള ഔചിത്യമില്ലായ്മ ഓര്‍ഡിനറിക്ക് ദോഷം ചെയ്യുമോ എന്ന് ഇനി കാത്തിരുന്ന് കാണാം.
English Summary: Kunchacko Boban, Asif Ali, Biju Menon and Ann Augustine will line up in this week’s new release, Ordinary, directed by Sugeeth.