പ്രേക്ഷകരുടെ പള്‍സറിഞ്ഞ സംവിധായകനാണ് ലിംഗുസാമി. കുടുംബപശ്ചാത്തലത്തിലുള്ള ആക്ഷന്‍ ചിത്രങ്ങളോട് തമിഴ് പ്രേക്ഷകര്‍ക്കുള്ള ഇഷ്ടം തിരിച്ചറിഞ്ഞയാളാണ്. കോമഡിയും ഫാമിലി സെന്റിമെന്റ്സും ആക്ഷനും കൃത്യമായ അളവില്‍ മിക്സ് ചെയ്ത ലിംഗുസാമിയുടെ ‘വേട്ടൈ’ എന്ന സിനിമ മെഗാഹിറ്റായിരിക്കുകയാണ്.
വേട്ടൈ തകര്‍പ്പന്‍ വിജയം നേടിയത് ലിംഗുസാമിയെപ്പോലെ നേട്ടമായ മറ്റ് രണ്ടുപേര്‍ കൂടിയുണ്ട്. ആര്യയും അമലാ പോളും. ഇരുവരും മലയാളികള്‍. ആര്യ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുള്ള തന്റെ യാത്രയ്ക്ക് വേട്ടൈയിലൂടെ ഒരു ചുവടുകൂടി വച്ചു. വേട്ടൈക്ക് ശേഷം പ്രതിഫലം അഞ്ചുകോടിയാക്കി ഉയര്‍ത്തിയിരിക്കുകയാണ് ആര്യ.
ആക്ഷന്‍ രംഗങ്ങളും കോമഡി രംഗങ്ങളിലും ആര്യ മിന്നിത്തിളങ്ങിയ വേട്ടൈയില്‍ മാധവനും നായകനായിരുന്നു. എന്നാല്‍ മാധവനേക്കാള്‍ യുവാക്കളുടെ പ്രീതി നേടിയത് ആര്യ തന്നെയാണ്. ‘ബോസ് എങ്കിറ ഭാസ്കര’നിലൂടെ വന്‍ കുതിപ്പ് നടത്തിയ ആര്യ വേട്ടയിലൂടെ കോളിവുഡിന്റെ ഹോട്ട് പ്രോപ്പര്‍ട്ടിയായി മാറുന്നു.
അമല പോള്‍ വേട്ടൈയിലൂടെ തമിഴകത്ത് നമ്പര്‍ വണ്‍ പദവിയില്‍ എത്തിയിരിക്കുന്നു. അനുഷ്ക ഷെട്ടിയെ പിന്തള്ളിയാണ് അമല ഒന്നാമതെത്തിയത്. തമിഴിലും തെലുങ്കിലുമായി അഭിനയിക്കുന്നതുകൊണ്ട് തമിഴ് സിനിമകള്‍ക്ക് മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അനുഷ്കയ്ക്ക് കഴിയുന്നില്ല. അതും അമല പോളിന് ഗുണമായി.
ഇന്ന് തമിഴ് നിര്‍മ്മാതാക്കളുടെ ഫസ്റ്റ് ചോയ്സായി അമല പോള്‍ മാറിയിരിക്കുകയാണ്. കൈനിറയെ ബിഗ് ബജറ്റ് പ്രൊജക്ടുകളാണ് അമലയ്ക്ക് ഇപ്പോഴുള്ളത്.