വിനയപൂര്‍വം ചില ആക്രോശങ്ങള്‍

WEBDUNIA|
ആരോപണങ്ങളും പ്രത്യാരോപണങ്ങളും രാഷ്ട്രീയത്തില്‍ ഒരു പുതുമയല്ല. അടുത്തകാലത്ത് മലയാള സിനിമാലോകത്തും ആരോപണശരങ്ങള്‍ പരസ്പരം എയ്യുന്നത് പതിവായിരിക്കുന്നു. മാക്ട സംഘടന പിണര്‍ന്ന കാലത്ത് അത് രാഷ്ട്രീയക്കാരേക്കാള്‍ മോശമാകുകയും ചെയ്തു.

സിനിമക്കാര്‍ക്ക് സിനിമ ചെയ്യുന്നതിനേക്കാള്‍ പത്രസമ്മേളനം നടത്തുന്നതിനും ചെളിവാരിയെറിയുന്നതിനുമാണ് താല്‍‌പര്യമെന്ന് അന്നും കാണി സഹതാപപൂര്‍വം പറഞ്ഞിട്ടുണ്ട്. എന്നാല്‍ സംഘടന പിളര്‍ന്ന് കാലം കുറെയായിട്ടും അതിന്‍റെ അലയൊലികള്‍ അന്തരീക്ഷത്തില്‍ തുടരുകയാണ്.

മലയാളത്തിലെ ഏറ്റവും മുതിര്‍ന്ന സൂപ്പര്‍താരത്തിനെതിരെ ‘വിനയപൂര്‍വം’ ചില ആക്രോശങ്ങള്‍ അടുത്തിടെയായി പതിവാക്കിയിരിക്കുകയാണ് സംവിധായകനായ ഒരു സംഘടനാനേതാവ്. രാഷ്ട്രീയത്തില്‍ ഇറങ്ങണോ വേണ്ടയോ എന്ന് ശങ്കിച്ചു നില്‍ക്കുന്ന നമ്മുടെ സൂപ്പര്‍സ്റ്റാറിനു നേരെ രൂക്ഷമായ വിമര്‍ശനമാണ് നേതാവ് നടത്തിയത്.

തെരഞ്ഞെടുപ്പില്‍ സൂപ്പര്‍താരം മത്സരിക്കാന്‍ തീരുമാനിച്ചാല്‍ കരിങ്കൊടികളുമായി തെരുവിലിറങ്ങുമെന്നാണ് ഈ നേതാവ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോടികള്‍ പ്രതിഫലമായി വാങ്ങുന്നവര്‍ നല്ല പിള്ള ചമഞ്ഞ് ജനസേവനത്തിനിറങ്ങുകയാണെന്നും അറുത്ത കൈക്ക് ഉപ്പു തേക്കാത്തവരോട് തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ലെന്നും നേതാവ് ആരോപിക്കുന്നു.

‘ഭരത’നെന്നും ‘പത്മരാജ’നെന്നുമൊക്കെ അഭിമുഖങ്ങളില്‍ കൊട്ടിഘോഷിച്ചതുകൊണ്ട് കാര്യമില്ലെന്നും വ്യത്യസ്ത വിഷയങ്ങള്‍ സിനിമയാക്കുമ്പോള്‍ സഹകരിക്കാനുള്ള സന്നദ്ധതയാണ് സൂപ്പര്‍താരങ്ങള്‍ കാണിക്കേണ്ടതെന്നും നേതാവ് തുറന്നടിക്കുന്നു.

എന്നാല്‍ നേതാവ് ഇത്രയൊക്കെ വിളിച്ചു കൂവിയിട്ടും അതൊന്നും കേള്‍ക്കാത്ത ഭാവത്തിലാണ് നമ്മുടെ സൂപ്പര്‍താരം. അങ്ങനെ ആരോക്കെ എന്തൊക്കെ പറയുന്നു, അതൊക്കെ ശ്രദ്ധിക്കാന്‍ നമുക്കെവിടെ സമയം, അല്ലേ?

എന്തായാലും ആരോപണങ്ങള്‍ ഉയര്‍ത്തിയ നേതാവിന്‍റെ തമിഴ് ചിത്രം ഉടന്‍ പുറത്തിറങ്ങുകയാണ്. മലയാളത്തില്‍ സൂപ്പര്‍താരങ്ങള്‍ വിലങ്ങുതടിയായതു കാരണം മറ്റു ഭാഷകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് വിനയമുള്ള ഈ നേതാവ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :