റോമന്‍സ് സൂപ്പര്‍ഹിറ്റ്, ക്രിസ്തുമതത്തെ അധിക്ഷേപിച്ചോ?

WEBDUNIA|
PRO
പുതുവര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റായി ‘റോമന്‍സ്’ മാറുകയാണ്. 2011ല്‍ സീനിയേഴ്സ്, 2012ല്‍ ഓര്‍ഡിനറി, 2013ല്‍ റോമന്‍സ് - കുഞ്ചാക്കോ ബോബനും ബിജുമേനോനും പ്രേക്ഷകരെ ഹരം കൊള്ളിച്ച് മുന്നേറുന്നു. വൈ വി രാജേഷ് രചന നിര്‍വഹിച്ച റോമന്‍സ് സംവിധാനം ചെയ്തത് ബോബന്‍ സാമുവലാണ്. ഈ സിനിമ ഹിറ്റാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇത്രയും വലിയ വിജയം അണിയറശില്‍പ്പികളെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. നിര്‍മ്മാതാവ് അരുണ്‍ഘോഷിന് കോടികളുടെ ലാഭം ഈ സിനിമ നേടിക്കൊടുക്കുമെന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്ട്.

അതേസമയം, റോമന്‍സ് വിവാദക്കൊടുങ്കാറ്റിലും പെട്ടിരിക്കുകയാണ്. ക്രിസ്ത്യന്‍ പൗരോഹിത്യത്തെയും വിശുദ്ധ കുര്‍ബാനയെയും കുമ്പസാരത്തെയും അവഹേളിക്കുകയും വികൃതമായി ചിത്രീകരിക്കുകയും ചെയ്യുന്ന സിനിമയാണ് റോമന്‍സ് എന്ന് ചങ്ങനാശ്ശേരി അതിരൂപത ആരോപിക്കുന്നു. അത്യന്തം പ്രകോപനപരവും ഹീനവുമായ നടപടിയാണ് സിനിമയിലൂടെ അണിയറപ്രവര്‍ത്തകര്‍ നടത്തിയിരിക്കുന്നതെന്നും രൂപത പറയുന്നു.

വിശുദ്ധരെയും സഭയെയും പരിഹസിക്കുന്ന ഒട്ടേറെ രംഗങ്ങള്‍ സിനിമയിലുണ്ടെന്ന് ചങ്ങനാശ്ശേരി അതിരൂപത പബ്‌ളിക്ക് റിലേഷന്‍സ്, ജാഗ്രതാ സമിതികളുടെ യോഗത്തില്‍ വിലയിരുത്തലുണ്ടായി. കള്ളന്‍‌മാരുടെ പ്രതിമ സ്ഥാപിച്ച് നടത്തുന്ന പ്രാര്‍ത്ഥന നടത്തുന്ന രംഗം ഇതിന് ഉദാഹരണമാണ്. രൂപതയുടെ പ്രതിഷേധം സിനിമയുടെ അണിയറപ്രവര്‍ത്തകരെ മുഴുവന്‍ അറിയിക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ തിയേറ്ററുകളില്‍ റോമന്‍സ് കാണാന്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലാ സെന്‍ററുകളിലും മിക്ക ഷോയും ഹൌസ്ഫുള്ളാണ്. കമ്മത്ത് ആന്‍റ് കമ്മത്ത് വരുമ്പോള്‍ തിയേറ്ററുകളുടെ എണ്ണത്തില്‍ കുറവ് വരുമെങ്കിലും റോമന്‍സിന് പിടിച്ചുനില്‍ക്കാനാകുമെന്നാണ് പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :