ബിഗ്സ്റ്റാര്‍ പൃഥ്വിരാജിലൂടെ മലയാളത്തിലെ ഒരുപിടി നല്ല ചിത്രങ്ങള്‍ പുനര്‍ജ്ജനിക്കുകയാണ്. നാടുവാഴികള്‍, തൃഷ്ണ എന്നീ സിനിമകളുടെ റീമേക്ക് വാര്‍ത്തകള്‍ നമ്മള്‍ കേട്ടുകഴിഞ്ഞു. പുതിയ വാര്‍ത്ത ഇതാണ് - മലയാളത്തിന്‍റെ ഗന്ധര്‍വന്‍ പി പത്മരാജന്‍റെ ‘സീസണ്‍’ റീമേക്ക് ചെയ്യുന്നു. പൃഥ്വിരാജ് നായകനാകും.
മോഹന്‍ലാല്‍ അനശ്വരമാക്കിയ ജീവന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുക. തിരുവനന്തപുരത്തെ പല കേന്ദ്രങ്ങളില്‍ ഈ സിനിമയുടെ ചര്‍ച്ചകളുമായി പൃഥ്വി തിരക്കിലാണ്. തിരുവനന്തപുരത്തെ കോവളത്തുതന്നെ ചിത്രീകരണം നടത്തുകയാണ് പൃഥ്വിയുടെ ലക്‍ഷ്യം.
കോവളം ബീച്ചിലെ മയക്കുമരുന്നു മാഫിയയുടെ കഥയുമായി 1989ലാണ് സീസണ്‍ പ്രദര്‍ശനത്തിനെത്തിയത്. മലയാള സിനിമയ്ക്ക് അതുവരെ പരിചയമില്ലാത്ത പ്രമേയവും പശ്ചാത്തലവുമായിരുന്നു സീസണിന്‍റേത്. ഡ്രഗ് മാഫിയയുടെ ആക്രമണത്തില്‍ ജീവന്‍ എന്ന ഫോറിന്‍ ഗുഡ്സ് കച്ചവടക്കാരന്‍റെ സുഹൃത്തുക്കള്‍ കൊല്ലപ്പെടുന്നതും ആ കേസില്‍ അയാള്‍ ജയിലിലാകുന്നതുമായിരുന്നു കഥ. ജയില്‍ ചാടുന്ന ജീവന്‍ പ്രതികാരം ചെയ്യുകയാണ്.
“എന്‍റെ പേര് ജീവന്‍. മഞ്ഞില്‍ കുളിച്ച ഈ പ്രഭാതവും തെരുവു വിളക്കുകളുമെല്ലാം കുറച്ചുവര്‍ഷത്തേക്ക് എനിക്ക് നഷ്ടമാകുകയാണോ എന്ന ആശങ്ക എനിക്കുണ്ട്. എങ്കിലും എനിക്ക് അക്കാര്യത്തില്‍ തെല്ലും കുറ്റബോധമില്ല” എന്ന മുഖവുരയോടെ ജീവന്‍ എന്ന കഥാപാത്രം മലയാളികള്‍ക്ക് പറഞ്ഞുതന്ന ആ കഥ റീമേക്ക് ചെയ്യുമ്പോള്‍ ആരൊക്കെയാണ് സാങ്കേതിക വിദഗ്ധര്‍ എന്ന് പൃഥ്വിരാജ് വെളിപ്പെടുത്തിയിട്ടില്ല.
മോഹന്‍ലാലിനെക്കൂടാതെ മണിയന്‍പിള്ള രാജു, അശോകന്‍, ഗവിന്‍ പക്കാര്‍ഡ്, ശാരി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍. വയലന്‍സിന് പ്രാധാന്യം നല്‍കി പത്മരാജന്‍ സൃഷ്ടിച്ച സീസണ്‍ പക്ഷേ ബോക്സോഫീസില്‍ വലിയ തരംഗം സൃഷ്ടിച്ചില്ല. ഇളയരാജയായിരുന്നു ചിത്രത്തിന് സംഗീതം നല്‍കിയത്.
എന്തായാലും നല്ല മലയാള സിനിമകളുടെ റീമേക്കുകള്‍ കൂടുതലായി പുറത്തിറക്കാന്‍ തന്നെയാണ് പൃഥ്വിയുടെ പദ്ധതിയെന്നറിയുന്നു.