aparna|
Last Modified ശനി, 23 സെപ്‌റ്റംബര്‍ 2017 (13:22 IST)
ജനപ്രിയനായകന്‍ ദിലീപ് അഭിനയിക്കുന്ന
രാമലീല സെപ്തംബര്‍ 28നു റിലീസിനു തയ്യാറെടുക്കുകയാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് റിമാന്‍ഡില്‍ കഴിയുകയാണ്. നവാഗതനായ അരുണ്‍ ഗോപിയാണ് സംവിധാനം. സച്ചിയുടേതാണ് തിരക്കഥ.
ചിത്രത്തില്‍ പൃഥ്വിരാജിനെയായിരുന്നു ദിലീപിനു പകരം തീരുമാനിച്ചിരുന്നതെന്ന് തിരക്കഥാകൃത്ത് സച്ചി അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. പൃഥ്വിക്ക് വേണ്ടി തയ്യാറാക്കിയ രാമലീല പിന്നെങ്ങനെ ദിലീപിനെ തേടി എത്തിയെന്നും സച്ചി വ്യക്തമാക്കുന്നു.
ഹ്യൂമര്‍ സംഭവങ്ങള്‍ വഴങ്ങാത്തതിനാല്‍ പൊതുവെ ദിലീപ് ചിത്രങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുന്ന ആളായിരുന്നു താനെന്ന് സച്ചി പറയുന്നു. റണ്‍ ബേബി റണ്‍ കണ്ടതിന് ശേഷം ദിലീപ് എന്നോട് പറഞ്ഞു, 'ഭായി നമുക്ക് ഇതുപോലെ ഒരു
സിനിമ ചെയ്യണം'. സിനിമ സീരിയസ് ആയിരിക്കും, ഹ്യൂമറിന് പതിവ് ദിലീപ് സിനിമകളുടെ പ്രാധാന്യവും ഉണ്ടാകില്ലെന്ന് ഞാന്‍ പറഞ്ഞു. 'ഞാന്‍ ചെയ്യുന്ന സിനിമകള്‍ നോക്കണ്ട. ഭായിക്ക് ഇഷ്ടപ്പെട്ട ഭായിയുടെ പോലെത്തെ ഒരു സിനിമയാണ് എനിക്ക് വേണ്ടത്. അതില്‍ ഞാന്‍ ഇടപെടാന്‍ വരില്ല. ഭായിക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടാകുമെന്നും ദിലീപ് അന്ന് പറഞ്ഞു.
ദിലീപിന്റെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ഒരു താല്‍പ്പര്യം ഒക്കെ തോന്നി. അങ്ങനെയെങ്കില്‍ നമുക്ക് ഒരുകൈ നോക്കാമെന്ന് ദിലീപിനോട് പറയുകയും ചെയ്തുവെന്ന് പറയുന്നു. അനാര്‍ക്കലി ചെയ്യാന്‍ തയ്യാറെടുക്കുകയായിരുന്നു അപ്പോള്‍. ഒന്നുങ്കില്‍ അനാര്‍ക്കലി അല്ലെങ്കില്‍ രാമലീല ഇതില്‍ ഏതെങ്കിലും ഒന്ന് ചെയ്യാമെന്ന് പൃഥ്വിരാജ് അറിയിച്ചു.
ഒടുവില്‍ പൃഥ്വി അനാര്‍ക്കലി തെരഞ്ഞെടുത്തു. പൃഥ്വിക്ക് വേണ്ടിയായിരുന്നതിനാല്‍ വേറെ രീതിയിലായിരുന്നു ചിത്രത്തിന്റെ കഥ. പിന്നീട് ആലോചിച്ചപ്പോള്‍ ദിലീപിനു അനുയോജ്യമായിരിക്കുമെന്ന് തോന്നി. കഥാപശ്ചാത്തലത്തില്‍ മാറ്റം വരുത്തി ദിലീപിന് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു. ദിലീപ് ഓകെ പറഞ്ഞു. - സച്ചി പറയുന്നു.