BIJU|
Last Modified ബുധന്‍, 7 ജൂണ്‍ 2017 (15:54 IST)
മോഹന്‍ലാല്‍ - ലാല്‍ ജോസ് കൂട്ടുകെട്ട് ഏറെക്കാലമായി പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന ഒന്നാണ്. അത് ഇപ്പോള്‍ സംഭവിക്കുകയാണ്. ആ സിനിമയ്ക്ക് പുലിമുരുകനെന്നോ വില്ലനെന്നോ ഗ്രേറ്റ്ഫാദറെന്നോ ഒക്കെയുള്ള പഞ്ചുള്ള പേരുകളാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ‘വെളിപാടിന്‍റെ പുസ്തകം’ എന്ന പേരാണ് ലാല്‍ ജോസ് തീരുമാനിച്ചത്.
“ഈ സിനിമയേക്കുറിച്ച് ആളുകള്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് എനിക്കറിയില്ല. വലിയ ആകാംക്ഷയുണ്ടാക്കുന്ന ഒരു പേരുപോലും വേണ്ട എന്ന് തീരുമാനിച്ചത് അതിനാലാണ്. നിലവില്‍ വലിയ പ്രതീക്ഷയിലാകും പ്രേക്ഷകര്‍. അതിനൊപ്പം നമ്മള്‍ അത് കൂട്ടുന്നത് അപകടമാണ്. എപ്പോഴും ഒരു സിനിമയെ തകര്‍ക്കുന്നത് അനാവശ്യമായ പ്രതീക്ഷകളാണ്. അതിനെ ഞാന്‍ ഭയപ്പെടുന്നു. ഒരു നല്ല എന്‍റര്‍ടെയ്നര്‍ കാണാനെത്തുന്നവരെ തൃപ്തിപ്പെടുത്തുന്ന സിനിമയാകും വെളിപാടിന്‍റെ പുസ്തകം എന്നുറപ്പ്” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ലാല്‍ ജോസ് വ്യക്തമാക്കി.
തിരക്കഥ എഴുതിത്തുടങ്ങിയപ്പോള്‍ താല്‍ക്കാലികമായി കണ്ടെത്തിയ പേരായിരുന്നു വെളിപാടിന്‍റെ പുസ്തകം എന്ന് ലാല്‍ ജോസ് പറയുന്നു. പിന്നീട് മാറ്റാമെന്ന് കരുതി പലരുമായി ചര്‍ച്ച ചെയ്തെങ്കിലും എല്ലാവര്‍ക്കും വെളിപാടിന്‍റെ പുസ്തകമാണ് ഇഷ്ടമായത്. സിനിമയുടെ കഥയുമായി യോജിക്കുന്ന പേരാണിതെന്നും ലാല്‍ ജോസ് പറയുന്നു.
ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം ഓണം റിലീസാണ്. മോഹന്‍ലാല്‍ മൈക്കിള്‍ ഇടിക്കുള എന്ന കോളജ് പ്രൊഫസറായി അഭിനയിക്കുന്നു.