മോഹന്‍ലാലിന് വേണ്ടി വിനീത് ശ്രീനിവാസന്‍റെ തിരക്കഥ!
WEBDUNIA|
PRO
പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിനെ കളിയാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് വിമര്‍ശനത്തിന്‍റെ കൂരമ്പുകള്‍ ഏറെ ഏല്‍ക്കേണ്ടിവന്നയാളാണ് ശ്രീനിവാസന്‍. അതിന്‍റെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. എന്നാല്‍ ശ്രീനിയുടെ മകന്‍ വിനീത് ശ്രീനിവാസന്‍ മോഹന്‍ലാലിന് വേണ്ടി ഒരു തിരക്കഥ എഴുതിയിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.
മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമയുടെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കി വച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. ഇപ്പോള്‍ ‘തട്ടത്തിന്‍ മറയത്ത്’ എന്ന കാമ്പസ് പ്രണയചിത്രത്തിന്‍റെ പണിപ്പുരയിലാണ് വിനീത്. അതിന് ശേഷം മോഹന്‍ലാല്‍ ചിത്രം തുടങ്ങുമോ എന്നൊന്നും വിനീത് വ്യക്തമാക്കുന്നില്ല.
തിരക്കഥ മോഹന്‍ലാല്‍ വായിച്ച് അനുമതി നല്‍കിയാല്‍ അടുത്തുതന്നെ വിനീത് ചിത്രം ആരംഭിക്കും എന്നാണ് സൂചന. എന്നാല്‍ മോഹന്‍ലാലിനോട് മാത്രമല്ല വിനീതിന്‍റെ പ്രേമം. മമ്മൂട്ടിച്ചിത്രം ചെയ്യണമെന്നും ആഗ്രഹമുണ്ട്.
മലര്‍വാടി ആര്‍ട്‌സ് ക്ലബിന് മുമ്പ് മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യാനായിരുന്നു വിനീത് ശ്രീനിവാസന്‍ ആലോചിച്ചത്. എന്നാല്‍ അന്ന് അത് നടന്നില്ല. എപ്പോഴെങ്കിലും അത് നടക്കുമെന്ന പ്രതീക്ഷയും വിനീതിനുണ്ട്.
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വച്ചുള്ള സിനിമകള്‍ സ്വന്തം തിരക്കഥയില്‍ തന്നെ ഒരുക്കണമെന്നാണ് ആഗ്രഹമെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു.