തമ്പി കണ്ണന്താനം സംവിധാനം ചെയ്യുന്ന ‘രാജാവിന്‍റെ മകന്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി ബോളിവുഡ് സൂപ്പര്‍ ഹീറോയിന്‍ പ്രിയങ്ക ചോപ്ര എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. സുരേഷ്ഗോപിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. അസിനെയോ വിദ്യാബാലനെയോ ആയിരുന്നു മുമ്പ് ഈ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ സാധ്യത പ്രിയങ്ക ചോപ്രയ്ക്കാണെന്നും ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍ മിസ് വേള്‍ഡായ പ്രിയങ്ക ചോപ്ര ബോളിവുഡിലെ ഒന്നാം നിര നായികയാണ്. പ്രിയങ്ക ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമായിരിക്കും രാജാവിന്‍റെ മകന്‍. തെന്നിന്ത്യയില്‍ ‘തമിഴന്‍’ എന്ന തമിഴ് ചിത്രത്തില്‍ പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്. വക്ത്, ബ്ലഫ് മാസ്റ്റര്‍, ക്രിഷ്, ഡോണ്‍, ബിഗ് ബ്രദര്‍, ലവ് സ്റ്റോറി 2050, ഫാഷന്‍, ദോസ്താന, കമീനേ, രാ വണ്‍, ഡോണ്‍ 2, അഗ്നിപഥ്, ബര്‍ഫീ, ക്രിഷ് 2 എന്നിവയാണ് പ്രിയങ്കയുടെ പ്രധാന സിനിമകള്‍. 7 ഖൂന്‍ മാഫ് എന്ന ചിത്രത്തില്‍ ഏഴു പേരുടെ ഭാര്യയായി വേഷമിട്ടും ‘വാട്ട് ഈസ് യുവര്‍ രാശി?’ എന്ന ചിത്രത്തില്‍ 12 കഥാപാത്രങ്ങളെ അവതരിപ്പിച്ചും പ്രിയങ്ക വിസ്മയിപ്പിച്ചു.
മോഹന്‍ലാലിനൊപ്പം സുരേഷ്ഗോപിയും ഈ സിനിമയില്‍ നായകതുല്യമായ വേഷത്തിലാണ് എത്തുന്നത്. “പഴയ ചിത്രത്തില്‍ കുമാര്‍ എന്ന കഥാപാത്രത്തിന് അത്രയേ പ്രാധാന്യം ഉണ്ടായിരുന്നുള്ളൂ. ചിത്രം റീമേക്ക് ചെയ്യുമ്പോള്‍ പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് എനിക്കും നായകവേഷം തന്നെയാണ്. തിരക്കഥ മോഹന്‍ലാല്‍ വായിച്ച് ഇഷ്ടപ്പെട്ടു. എനിക്കും വളരെയേറെ ഇഷ്ടമായി” - സുരേഷ്ഗോപി പറഞ്ഞു. ചിത്രത്തിലെ ശക്തനായ പ്രതിനായകന്‍ കൃഷ്ണദാസായി ബിജു മേനോന്‍ എത്തും.
മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വിന്‍സന്‍റ് ഗോമസ് ഈ സിനിമയില്‍ മദ്യക്കള്ളക്കടത്തോ സ്വര്‍ണക്കടത്തോ ചെയ്യുന്ന ആളല്ല. അതെല്ലാം അവസാനിപ്പിച്ച്, ഇപ്പോള്‍ കാറ്റാടിമരപ്പാടങ്ങള്‍ സ്വന്തമായുള്ളയാളാണ്. അയാള്‍ ജീവിതത്തിന്‍റെ സ്വസ്ഥതയും സുഖവും അനുഭവിക്കുന്ന നാളുകള്‍. അധോലോകബന്ധങ്ങളൊന്നുമില്ലാതെ ശാന്തമായ ജീവിതം. അവിടേക്കാണ് അസ്വസ്ഥതയുടെ കണികകള്‍ വിതറിക്കൊണ്ട് ചിലര്‍ കടന്നുവരുന്നത്.
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ‘രാജാവിന്‍റെ മകന്‍’ എന്ന പ്രസ്റ്റീജ് പ്രൊജക്ടുമായി വരുമ്പോള്‍ ഒരു മെഗാഹിറ്റില്‍ കുറഞ്ഞൊന്നും ലക്‍ഷ്യമിടുന്നില്ല. മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും സൂപ്പര്‍ ഡയലോഗുകളും ഈ സിനിമയുടെയും പ്രത്യേകതയായിരിക്കും. തമ്പി കണ്ണന്താനം, ഡെന്നിസ് ജോസഫ് എന്നിവരുടെ തിരിച്ചുവരവു കൂടിയായിരിക്കും രാജാവിന്‍റെ മകനിലൂടെ സംഭവിക്കുന്നത്.