മെഗാസ്റ്റാര്‍ മമ്മൂട്ടി തനിക്ക് മൂത്ത സഹോദരനെപ്പോലെയാണെന്ന് നടന്‍ ബിജു മേനോന്‍. ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ ബിജു ഇപ്പോള്‍ ഏറെ ശ്രദ്ധിച്ചാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. എങ്കിലും ‘മടിയന്‍’ എന്ന പേര് തനിക്കിപ്പോഴുമുണ്ടെന്ന് ബിജു പറയും. മടിയന്‍ എന്ന പേര് തനിക്കിട്ടത് മമ്മൂട്ടിയാണെന്നും ബിജു മേനോന്‍ പറയുന്നു.
“മമ്മുക്ക എപ്പോള്‍ വിളിച്ചാലും ഞാന്‍ ഉറങ്ങുകയായിരിക്കും. എങ്ങോട്ടെങ്കിലും കൂടെച്ചെല്ലാമോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയും. എന്നെ ഏറ്റവും കൂടുതല്‍ ചീത്ത പറയുന്നത് മമ്മൂട്ടിയാണ്. അദ്ദേഹം എന്‍റെ മൂത്ത സഹോദരനാണെന്ന് ഞാന്‍ കരുതുന്നു. എന്‍റെ ഡ്രസിംഗ് രീതി ശരിയല്ലെന്നു പറഞ്ഞാണ് കൂടുതലും വഴക്കിടുന്നത്. അഭിനയിക്കാനുള്ള ഭാഗ്യം എല്ലാവര്‍ക്കും കിട്ടില്ലെന്നും നമ്മള്‍ കഥാപാത്രത്തെ അന്വേഷിച്ച് കണ്ടെത്തണമെന്നുമൊക്കെ അദ്ദേഹം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യാറുണ്ട്” - ബിജു മേനോന്‍ വ്യക്തമാക്കി.
“എന്‍റെയും മമ്മുക്കയുടെയും ശബ്ദത്തിന്‍റെ സാമ്യത്തെക്കുറിച്ച് പലരും പറയാറുണ്ട്. കാലത്തിനനുസരിച്ച് സിനിമയെ അപ്ഡേറ്റ് ചെയ്യുന്നയാളാണ് മമ്മുക്ക. എപ്പോഴും പഠിച്ചുകൊണ്ടേയിരിക്കും. ഞാന്‍ അഴകിയ രാവണനിലാണ് മമ്മുക്കയ്ക്കൊപ്പം ആദ്യം അഭിനയിക്കുന്നത്. സീരിയലില്‍ നിന്നെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് മമ്മുക്ക കണ്ടപ്പോള്‍ തന്നെ പറഞ്ഞു” - ബിജു ഓര്‍മ്മിച്ചു.
മമ്മൂട്ടിയുമായുള്ള സൌഹൃദത്തെ ചൂഷണം ചെയ്യാന്‍ താന്‍ ഒരിക്കലും ശ്രമിക്കാറില്ലെന്നും ബിജു മേനോന്‍ ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. മമ്മൂട്ടിയുടെ പുതിയ സിനിമകളിലെല്ലാം തനിക്കും മികച്ച കഥാപാത്രങ്ങളുള്ളതില്‍ സന്തോഷവാനാണ് ബിജു മേനോന്‍.