മമ്മൂട്ടിക്ക് ഉടന്‍ ഒരു വിജയചിത്രം വേണം. അത് അത്യാവശ്യമാണ്. തന്‍റെ പരാജയകഥകള്‍ തുടരാന്‍ മെഗാസ്റ്റാര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ, ഈ വര്‍ഷത്തെ പ്ലാനിംഗില്‍ കാര്യമായ ഉടച്ചുവാര്‍ക്കലുകള്‍ നടത്തിയിരിക്കുകയാണ് മമ്മൂട്ടി. ‘സ്പിരിറ്റ്’ റിലീസിനായി ഒരുക്കുന്ന രഞ്ജിത്തിനെ മറ്റെല്ലാ തിരക്കുകളില്‍ നിന്നും മാറ്റി തന്‍റെ പുതിയ സിനിമയ്ക്കായി കൂട്ടുവിളിച്ചിരിക്കുകയാണ് മമ്മൂട്ടി.
സ്പിരിറ്റ് കഴിഞ്ഞാലുടന്‍ തന്‍റെ സ്വപ്നപദ്ധതിയായ ‘ലീല’ തുടങ്ങാനിരുന്നതാണ് രഞ്ജിത്. ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കി ഉടന്‍ ആരംഭിക്കാമെന്ന് പ്രതീക്ഷിച്ചതാണ്. എന്നാല്‍ തന്‍റെ സിനിമ ഉടന്‍ ചെയ്യണമെന്ന് രഞ്ജിത്തിനോട് മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു എന്നാണ് സൂചന.
രഞ്ജിത് - മമ്മൂട്ടി ടീമിന്‍റെ സിനിമ ഈ വര്‍ഷം അവസാനത്തേക്കായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. അനൂപ് മേനോന്‍റെ തിരക്കഥയില്‍ ചിത്രം ഒരുക്കാമെന്നായിരുന്നു തീരുമാനം. കഥയും പൂര്‍ത്തിയാക്കി. മമ്മൂട്ടിക്ക് ഡ്രൈവര്‍ വേഷമായിരുന്നു ചിത്രത്തില്‍. എന്നാല്‍ മമ്മൂട്ടിയുടെ അഭ്യര്‍ത്ഥനപ്രകാരം ഈ സിനിമ ജൂണില്‍ തന്നെ ആരംഭിക്കുകയാണ്.
അപ്പോള്‍ ഒരു കുഴപ്പം പറ്റി. അനൂപ് മേനോന് തിരക്കഥ പൂര്‍ത്തിയാക്കാനുള്ള സാവകാശം കിട്ടില്ല. ഇപ്പോള്‍ ട്രിവാന്‍ഡ്രം ലോഡ്ജുള്‍പ്പടെ ഒട്ടേറെ പ്രൊജക്ടുകളുമായി തിരക്കിലാണ് അനൂപ്. പെട്ടെന്നൊരു തിരക്കഥ തയ്യാറാക്കാന്‍ രഞ്ജിത്തിനും വഴിയില്ല. വടക്കന്‍ പാട്ടു ചിത്രത്തിന്‍റെ രചന പാതിവഴിയിലാക്കി നിര്‍ത്തിയിരിക്കുകയാണ് രഞ്ജിത്. അതിനിടെ മറ്റൊരു കഥ മനസില്‍ കുടിയിരുത്തുന്നത് ശരിയല്ല.
ഒടുവില്‍ കേള്‍ക്കുന്നത്, ശങ്കര്‍ രാമകൃഷ്ണന്‍റെ തിരക്കഥയില്‍ രഞ്ജിത് മമ്മൂട്ടിച്ചിത്രം ഒരുക്കുന്നു എന്നാണ്. അനൂപ് മേനോന്‍ പറഞ്ഞ കഥ തന്നെയാണ് ചെയ്യുന്നത്. മമ്മൂട്ടിയുടെ മേക്കപ്മാന്‍ ജോര്‍ജാണ് ഈ സിനിമ നിര്‍മ്മിക്കുന്നത് എന്നത് മറ്റൊരു സവിശേഷത. ദീപന്‍ സംവിധാനം ചെയ്യാനിരുന്ന ന്യൂസ് മേക്കര്‍ നിര്‍മ്മിക്കാനായിരുന്നു ജോര്‍ജ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ദീപന്‍റെ ചിത്രം ഇപ്പോള്‍ ചെയ്യേണ്ടതില്ല എന്ന് മമ്മൂട്ടി തീരുമാനിച്ചതോടെയാണ് രഞ്ജിത്തിന്‍റെ സിനിമ നിര്‍മ്മിക്കാന്‍ ജോര്‍ജ് തീരുമാനമെടുത്തത്.
കൈയൊപ്പ്, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍ എന്നിവയുടെ നിരയിലേക്ക് മറ്റൊരു ക്ലാസിക് ചിത്രം കൂടി സൃഷ്ടിക്കാനാണ് മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും കൈകോര്‍ക്കുന്നത്.