ജ്യോതിനാഥ്|
Last Modified ബുധന്‍, 9 നവംബര്‍ 2016 (10:55 IST)
ചെറിയ ചെറിയ വേഷങ്ങളിലൂടെ നായകസ്ഥാനത്തെത്തിയ നടനാണ് മമ്മൂട്ടി. എന്നാല്‍ നായകനായ ശേഷം, ഒരു തിരിച്ചുപോക്ക് മമ്മൂട്ടിക്കുണ്ടായിട്ടില്ല. അദ്ദേഹം മലയാളിയുടെ നായകസങ്കല്‍പ്പത്തിന് ഏറ്റവും പൂര്‍ണത നല്‍കിയ നടനാണ്. അതുകൊണ്ടുതന്നെ സ്നേഹസമ്പന്നനായ കുടുംബനാഥനായും വല്യേട്ടനായും രോഷാകുലനായ യുവാവായും പൊലീസ് ഉദ്യോഗസ്ഥനായും കളക്ടറായും അഭിഭാഷകനായും രാഷ്ട്രീയനേതാവായും പ്രണയനായകനായും ഗുണ്ടയായും അധോലോക നായകനായും കള്ളനായും കാര്യസ്ഥനായും മമ്മൂട്ടി നിറഞ്ഞുനില്‍ക്കുന്നു.
സംവിധായകന്‍ അന്‍വര്‍ റഷീദിന് ഒരു മമ്മൂട്ടിച്ചിത്രം ചെയ്യാനായി ഓഫര്‍ വന്നപ്പോള്‍ അദ്ദേഹം ആദ്യം ചിന്തിച്ചത് മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത ഒരു വേഷത്തെക്കുറിച്ചാണ്. മാസങ്ങളോളം ആലോചിച്ചിട്ടും അങ്ങനെ ഒരു കഥാപാത്രത്തെ അദ്ദേഹത്തിന് കണ്ടെത്താനായില്ല. ഒടുവില്‍ പക്ഷേ അന്‍വര്‍ റഷീദ് വിജയിച്ചു. ഊമയായ കഥാപാത്രത്തെ മമ്മൂട്ടി മുമ്പ് അവതരിപ്പിച്ചിരുന്നില്ല. അങ്ങനെയാണ് ‘അണ്ണന്‍തമ്പി’ എന്ന സിനിമ പിറക്കുന്നത്.
മമ്മൂട്ടി ഇനിയെത്രകാലം നായകനായി തുടരും എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ, അദ്ദേഹത്തിന് ഇഷ്ടമുള്ള കാലം വരെ. മമ്മൂട്ടി ആഗ്രഹിക്കുന്ന കാലം വരെ അദ്ദേഹത്തിന്‍റെ സിനിമകളില്‍ അദ്ദേഹം തന്നെയായിരിക്കും നായകന്‍. അത് 90 വയസുള്ള കഥാപാത്രമായാലും. അടുത്തിടെ മമ്മൂട്ടി പറഞ്ഞിട്ടുണ്ട് - “ഇപ്പോള്‍ നായകനിരയിലുള്ള ആരുടെയും അച്ഛനായി ഞാന്‍ അഭിനയിക്കാം. പക്ഷേ ഞാനായിരിക്കും നായകന്‍”.
പ്രായമേറുന്തോറും മമ്മൂട്ടിയുടെ തിളക്കം കൂടുകയാണ്. പഴക്കം ചെല്ലുന്തോറും വീഞ്ഞിന് മധുരവും വീര്യവുമേറുന്നതുപോലെ. മമ്മൂട്ടിച്ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ എന്നും കാത്തിരിക്കുന്നു. വരും വർഷങ്ങളിലെ അവതാരങ്ങള്‍ക്കായി പ്രേക്ഷകര്‍ മനസില്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നു. ഗ്രേറ്റ് ഫാദറിനായി, വമ്പനായി, കർണനായി ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളം.