മണിരത്നം ഒരുക്കുന്നത് 50 കോടിയുടെ കടല്‍ !

WEBDUNIA|
PRO
രാവണന്‍ എന്ന ഫ്ലോപ്പിന് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ‘കടല്‍’ ഒരു പ്രണയകഥയാണ് പറയുന്നത്. തമിഴ്താരം കാര്‍ത്തിക്കിന്‍റെ മകന്‍ ഗൌതം ആണ് നായകന്‍. നായിക പഴയകാല നായിക രാധയുടെ മകള്‍ തുളസി. ഒരു കടലോരഗ്രാമത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്‍റെ സംഗീതം എ ആര്‍ റഹ്‌മാന്‍. ഛായാഗ്രഹണം രാജീവ് മേനോന്‍.

ഈ സിനിമയെക്കുറിച്ചുള്ള പുതിയ വാര്‍ത്ത ലഭിച്ചിരിക്കുന്നു. ‘കടല്‍’ ഒരുങ്ങുന്നത് അമ്പത് കോടി രൂപ ചെലവിട്ടാണത്രെ. കോളിവുഡില്‍ ഇത് വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സൂപ്പര്‍താരങ്ങളില്ലാത്ത ഒരു ചെറിയ ലൌസ്റ്റോറി. അര്‍ജുനും അരവിന്ദ് സ്വാമിയുമാണ് എടുത്തുപറയാവുന്ന താരങ്ങള്‍. വിദേശ ലൊക്കേഷനുകളില്ല. തൂത്തുക്കുടിയിലും ആലപ്പുഴയിലുമൊക്കെയാണ് ചിത്രീകരണം. എ ആര്‍ റഹ്‌മാന്‍ മാത്രമാണ് ഒരു വലിയ സാന്നിധ്യം എന്നുപറയാവുന്നത്. എന്നാല്‍ മണിരത്നം ചിത്രങ്ങള്‍ക്ക് റഹ്‌മാന്‍ വലിയ തുക പ്രതിഫലമായി വാങ്ങാറില്ല. പിന്നെങ്ങനെയാണ് ഈ സിനിമയ്ക്ക് 50 കോടി രൂപ ചെലവാകുക?

മണിരത്നം തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹരചയിതാവ് ജയമോഹനാണ്. “അമ്പത് കോടി രൂപയാണ് കടലിന്‍റെ ബജറ്റ്. അതുകൊണ്ടുതന്നെ ഇതിന്‍റെ രചനാഘട്ടത്തില്‍ ഒരുപാട് ക്രിയേറ്റീവ് ഫ്രീഡം അനുഭവിക്കാനാകുന്നു” - ജയമോഹന്‍ വ്യക്തമാക്കി.

തമിഴിലും തെലുങ്കിലുമായാണ് ‘കടല്‍’ നിര്‍മ്മിക്കുന്നത്. എന്തായാലും ഒരു കൊച്ചു പ്രണയകഥ വലിയ ബജറ്റില്‍ ഒരുങ്ങുമ്പോള്‍ അതിന് അതിന്‍റേതായ മിഴിവുണ്ടാകുമെന്ന് തീര്‍ച്ച. അലൈപായുതേ പോലെ മറ്റൊരു പ്രണയകാവ്യമായിരിക്കട്ടെ കടല്‍ എന്ന് ആശംസിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :