Last Modified ശനി, 11 ജൂണ്‍ 2016 (14:58 IST)
മംഗലശ്ശേരി നീലകണ്ഠനും വാര്യരും വീണ്ടും അവതരിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഒപ്പം’ എന്ന സിനിമയുടെ ലൊക്കേഷനിലാണ് രസകരമായ ഈ സംഭവം ഉണ്ടായത്.
ചോറ്റാനിക്കരയിലെ ഒരു പഴയ തറവാട്ടിലാണ് ‘ഒപ്പ’ത്തിന്‍റെ ചിത്രീകരണം നടക്കുന്നത്. മോഹന്‍ലാലും കവിയൂര്‍ പൊന്നമ്മയും ബിനീഷ് കൊടിയേരിയും ഉള്‍പ്പെടുന്ന ഒരു രംഗം പ്രിയന്‍ എടുക്കാനൊരുങ്ങുന്നതിനിടെയാണ് ഇന്നസെന്‍റ് കാറില്‍ വന്നിറങ്ങിയത്. ജോസ് തോമസിന്‍റെ ‘സ്വര്‍ണക്കടുവ’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നായിരുന്നു ഇന്നസെന്‍റിന്‍റെ വരവ്.
പ്രിയദര്‍ശനും ആന്‍റണി പെരുമ്പാവൂരും ചേര്‍ന്നാണ് ഇന്നസെന്‍റിനെ മോഹന്‍ലാലിന്‍റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുപോയത്.
“എന്താ വാര്യരേ, ഇപ്പൊഴാ വര്വാ?” - തനി നീലകണ്ഠന്‍ ശൈലിയില്‍ മോഹന്‍ലാലിന്‍റെ ചോദ്യം.
“വാര്യര്‍ക്കിതില്‍ കാര്യമായ പണി വല്ലതുമുണ്ടോ കുട്ട്യേ? അതോ നിങ്ങള്‍ക്കൊപ്പം വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ വിളിച്ചതാണോ?” - ഇന്നസെന്‍റിന് സംശയം.
“അങ്ങനെയും ആവാല്ലേ... അല്ലേ വാര്യരേ?” - അങ്ങനെ ചോദിച്ചുകൊണ്ട് മോഹന്‍ലാല്‍ ഇന്നസെന്‍റിനെ സ്വീകരിച്ചിരുത്തി.
മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജയരാമന്‍ എന്ന കഥാപാത്രത്തിന്‍റെ അമ്മാവനായാണ് ഇന്നസെന്‍റ് ‘ഒപ്പ’ത്തില്‍ അഭിനയിക്കുന്നത്.
ഉള്ളടക്കത്തിന് കടപ്പാട് - വെള്ളിനക്ഷത്രം