ബോഡിഗാര്‍ഡിന്‍റെ കാര്യത്തില്‍ എനിക്ക് ദുഃഖമുണ്ട്: സിദ്ദിക്ക്

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
ദിലീപിനെ നായകനാക്കി മലയാളത്തില്‍ ഒരുക്കിയ ‘ബോഡിഗാര്‍ഡ്’ എന്ന ചിത്രത്തിന്‍റെ കാര്യത്തില്‍ തനിക്ക് ദുഃഖമുണ്ടെന്ന് സംവിധായകന്‍ സിദ്ദിക്ക്. ആ സിനിമ ഒരു മികച്ച വിജയമാകാത്തത് തനെ ഇപ്പോഴും വേദനിപ്പിക്കുന്നു എന്നാണ് സിദ്ദിക്ക് അഭിപ്രായപ്പെട്ടിരിക്കുന്നത്.

2010ലാണ് ബോഡിഗാര്‍ഡ് റിലീസാകുന്നത്. വമ്പന്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സിനിമ ശരാശരി വിജയം മാത്രമാണ് നേടിയത്. എന്നാല്‍ തമിഴിലും ഹിന്ദിയിലും ഈ സിനിമയുടെ റീമേക്കുകള്‍ മെഗാഹിറ്റുകളായി മാറിയിരുന്നു. ഹിന്ദി ബോഡിഗാര്‍ഡ് നൂറുകോടി ക്ലബില്‍ ഇടം പിടിക്കുകയും ചെയ്തു.

“മലയാളം ബോഡിഗാര്‍ഡിനെക്കുറിച്ച് പ്രധാനമായി ഉയര്‍ന്ന പരാതി, ആ സിനിമയില്‍ എന്‍റെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് കോമഡിരംഗങ്ങള്‍ കുറവാണ് എന്നതായിരുന്നു. മറ്റ് ഭാഷകളില്‍ ആ സിനിമ അംഗീകരിക്കപ്പെട്ടു. മലയാളത്തില്‍ ചിത്രം വലിയ ഹിറ്റാകാത്തതിന്‍റെ ദുഃഖം എനിക്ക് ഇപ്പോഴുമുണ്ട്. എനിക്കുതോന്നുന്നത്, മലയാളത്തിലെ പ്രേക്ഷകര്‍ എന്‍റെ സിനിമ കാണാന്‍ വരുന്നത് ഒരു ഗംഭീര കോമഡി എന്‍റര്‍ടെയ്നര്‍ പ്രതീക്ഷിച്ചാണ് എന്നാണ്. അത് എനിക്ക് കുറച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. എങ്കിലും അതൊരു സന്തോഷകരമായ ഉത്തരാവാദിത്തവും വെല്ലുവിളിയുമായാണ് ഞാന്‍ കാണുന്നത്” - സിദ്ദിക്ക് ഒരു അഭിമുഖത്തില്‍ പറയുന്നു.

20 വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ദിക്ക് ഒരു മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ‘ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍’ എന്നാണ് ചിത്രത്തിന്‍റെ പേര്. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും.

“മോഹന്‍ലാലിന്‍റെ പ്രായത്തിന് യോജിക്കുന്ന ഒരു കഥാപാത്രമായിരിക്കും ഈ ചിത്രത്തില്‍. ഒരു അടിപൊളി എന്‍റര്‍ടെയ്നറായിരിക്കുമെന്നാണ് വിശ്വാസം. മാത്രമല്ല, ഇതില്‍ ഒരു സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയമാണ് പറയുന്നത്” - സിദ്ദിക്ക് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :