ബീജദാനം, ഇനി ദിലീപിന്‍റെ ഊഴം !

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
വിക്കി ഡോണര്‍ എന്ന സിനിമ ബോളിവുഡില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ചെറിയ ചിത്രമാണ്. വെറും അഞ്ചുകോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സിനിമ 46 കോടി രൂപയാണ് വാരിക്കൂട്ടിയത്. ബീജദാനത്തിന്‍റെ മഹത്വത്തെക്കുറിച്ച് പറയുന്ന സിനിമയായിരുന്നു അത്. ജോണ്‍ ഏബ്രഹാം നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് സൂരജ് സര്‍ക്കാര്‍. ആയുഷ്മാന്‍ ഖുറാന, അന്നു കപൂര്‍, യാമി ഗൌതം എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍.

വിക്കി ഡോണറിനെക്കുറിച്ച് ഇപ്പോള്‍ പറഞ്ഞുവന്നത് ഈ സിനിമ മലയാളത്തില്‍ റീമേക്ക് ചെയ്യാന്‍ ആലോചിക്കുന്നു എന്ന് അറിയിക്കാനാണ്. ജനപ്രിയനായകന്‍ ദിലീപാണ് ഈ സിനിമ മലയാളത്തിലെത്തിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

ചിത്രത്തിന്‍റെ റീമേക്ക് അവകാശം വാങ്ങുന്നതിന്‍റെ ചര്‍ച്ചകള്‍ പൂര്‍ത്തിയായി വരികയാണ്. ദിലീപ് ഈ സിനിമയില്‍ നായകനായി അഭിനയിക്കും. അന്നു കപൂര്‍ അവതരിപ്പിച്ച ഡോക്ടറുടെ വേഷത്തില്‍ ബാബുരാജിനെ അഭിനയിപ്പിക്കാനാണ് ദിലീപ് ആലോചിക്കുന്നത്.

പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച വിക്കി ഡോണര്‍ മലയാളത്തിലും വിസ്മയം സൃഷ്ടിക്കുമെന്ന തിരിച്ചറിവാണ് ഈ സിനിമ റീമേക്ക് ചെയ്യാന്‍ ദിലീപിനെ പ്രേരിപ്പിച്ചത്.

വാല്‍ക്കഷണം: ബീജദാനത്തെപ്പറ്റി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മലയാളചിത്രം ഇറങ്ങിയിട്ടുണ്ട്. ലോഹിതദാസിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ദശരഥം. അന്ന് ആ സിനിമ വേണ്ടവിധത്തില്‍ സ്വീകരിക്കപ്പെട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :