ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തരുതെന്ന പ്രാര്‍ത്ഥനയിലാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. വല്ലപ്പോഴുമാണ് നമ്മള്‍ കലാമൂല്യമുള്ള ഒരു പടം എടുക്കുന്നത്. ബോളിവുഡില്‍ നിന്നുതിരിയാന്‍ കഴിയാത്തത്ര തിരക്കുണ്ട്. അതിനിടയില്‍ കുറച്ചു സമയം കണ്ടെത്തി ഒരു നല്ല സിനിമ എടുക്കാമെന്ന് വച്ചാല്‍ പാരകള്‍ പലവിധമാണ്. മോഷണം, മൌലികതയില്ലായ്മ തുടങ്ങി എന്തൊക്കെ ആരോപണങ്ങള്‍ നമ്മള്‍ കേട്ടിരിക്കുന്നു.
‘കാഞ്ചീവരം’ എന്ന സിനിമയെക്കുറിച്ച് ഒരുപാട് പ്രതീക്ഷകള്‍ പ്രിയദര്‍ശനുണ്ടായിരുന്നു. വിദേശങ്ങളിലെ പലമേളകളിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടപ്പോഴൊക്കെ പ്രിയന്‍ മതിമറന്ന് സന്തോഷിക്കുകയും ചെയ്തു. എണ്‍പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ളയാളാണ് താന്‍, എന്നാല്‍ ഈ ഒരു ചിത്രത്തേക്കുറിച്ചു മാത്രമേ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുള്ളൂ. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട മികച്ച സിനിമകളിലൊന്നാണ് കാഞ്ചീവരം - പ്രിയന്‍ അന്ന് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്നം ഗുരുതരമാണ്. കാഞ്ചീവരം അടുത്ത മാസം പ്രദര്‍ശനത്തിനെത്താനിരിക്കെ ചിത്രത്തിന്‍റെ വ്യാജ സി ഡികള്‍ പ്രചരിക്കുകയാണ്. റിലീസിനു മുമ്പേ സിനിമയുടെ ഒറിജിനല്‍ പ്രിന്‍റിനെ വെല്ലുന്ന വ്യാജ സി ഡികളാണ് പ്രചരിക്കുന്നത്. ഏതോ വിദേശ മേളയിലേക്ക് അയച്ചു കൊടുത്ത പ്രിന്‍റില്‍ നിന്ന് ആരോ പണി പറ്റിച്ചതാണത്രേ.
കോടികള്‍ മുടക്കി, മനസും ശരീരവും അര്‍പ്പിച്ച് ഒരു സിനിമ പൂര്‍ത്തിയാക്കി അത് പ്രദര്‍ശനത്തിനെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍, റിലീസിന് മുമ്പേ വ്യാജ സി ഡികള്‍ ഇറങ്ങുന്നത് എന്തായാലും ദുഃഖകരമായ വസ്തുതയാണ്. വിദേശമേളകളിലേക്ക് സിനിമകള്‍ അയയ്ക്കുമ്പോള്‍ ഇനിയെങ്കിലും സൂക്ഷിക്കണമെന്ന് സാരം.
WEBDUNIA|
Last Modified വെള്ളി, 13 ഫെബ്രുവരി 2009 (18:17 IST)
കാഞ്ചീപുരത്തെ നെയ്ത്ത് തൊഴിലാളികളുടെ ജീവിതമാണ് കാഞ്ചീവരം സിനിമ പറയുന്നത്. പ്രകാശ് രാജും ശ്രേയാ റെഡ്ഡിയുമാണ് പ്രധാന താരങ്ങള്‍.