പഴശ്ശിത്തമ്പുരാന്‍ എഴുന്നള്ളുമ്പോള്‍...

കാണി

PROPRO
ഒടുവില്‍ പഴശ്ശിരാജ പ്രദര്‍ശനത്തിനെത്തുകയാണ്. ഓണത്തിന് വരും, റംസാന് വരും, ക്രിസ്മസിന് വരും എന്നൊക്കെപ്പറഞ്ഞ് ഭൂലോകത്തെങ്ങുമുള്ള മമ്മുക്ക ആരാധകരെ കൊതിപ്പിച്ച സിനിമയുടെ പെട്ടികള്‍ ഈ വിഷുവിനാണ് തിയേറ്ററുകളിലേക്കെടുക്കുന്നത്. നൂറിലധികം തിരശ്ശീലകളില്‍ ഒരേസമയം വീരചരിതം മുഴക്കി ചരിത്രസിനിമ എത്തുമ്പോള്‍, അണിയറ പ്രവര്‍ത്തകര്‍ക്കും സിനിമാസ്വാദകര്‍ക്കും ആശ്വാസം, ആനന്ദം.

ഏകദേശം 10 കോടി രൂപ ഈ സിനിമയ്ക്കു വേണ്ടി നിര്‍മ്മാതാവ് ഒഴുക്കിയിട്ടുണ്ടെന്നാണ് അടക്കം പറച്ചില്‍. അതുകൊണ്ടു തന്നെ വൈഡ് റിലീസ് മാത്രമേ ഗുണം ചെയ്യുള്ളൂ. പിന്നെ, പഴശ്ശിക്കൊപ്പം ചരിത്ര നായകന്‍‌മാരുടെ വേഷത്തില്‍ ശരത്കുമാറിനെപ്പോലുള്ളവരും നായികമാരുടെ വേഷത്തില്‍ കനിഹയെപ്പോലുള്ള സുന്ദരിമാരുമുള്ളപ്പോള്‍ അന്യഭാഷകളിലും ഒന്നു പയറ്റി നോക്കാം.

എം ടിയുടെ ഒന്നാന്തരം സംഭാഷണങ്ങളാണ് ചിത്രത്തിന്‍റെ പ്രത്യേകതകളിലൊന്ന്. കൂടുതല്‍ കാശുണ്ടാക്കാന്‍ വേണ്ടി പഴശ്ശിയെക്കൊണ്ട് തമിഴും തെലുങ്കുമൊക്കെപ്പറയിച്ച് എം ടിയന്‍ ഭാഷയെ അലങ്കോലമാക്കുമോ എന്നതേ കാണിയെ ഭയപ്പെടുത്തുന്നുള്ളൂ. പിന്നെ, എട്ടും പത്തും കോടിയൊക്കെ മുടക്കീട്ട് ഇത്തിരിപ്പോന്ന കേരളരാജ്യത്തു നിന്നു മാത്രം അതെല്ലാം തിരിച്ചു പിടിക്കാന്‍ പറ്റുമോ. അപ്പോള്‍ പിന്നെ പഴശ്ശി തമിഴോ തെലുങ്കോ കന്നഡയോ ഹിന്ദിയോ ഒക്കെപ്പറയട്ടെ. നിര്‍മ്മാതാവിന് നഷ്ടം വരരുതെന്ന് തന്നെയാണ് കാണിയുടെയും അഭിപ്രായം.

WEBDUNIA|
നല്ല ദൃശ്യാനുഭവമായിരിക്കും പഴശ്ശിരാജ എന്നതില്‍ സംശയമില്ല. ഹരിഹരന്‍റെ സംവിധാനമികവ് മുഴുവന്‍ ചിത്രത്തില്‍ പ്രതിഫലിച്ചു കാണാമെന്നാണ് കാണിയുടെ ‘പഴശ്ശിരാജായൂണിറ്റി’ലുള്ള ചില സുഹൃത്തുക്കള്‍ പറഞ്ഞത്. ക്യാമറാമാന്‍‌മാര്‍ മാറി മാറി വന്നെങ്കിലും സിനിമയുടെ ക്വാളിറ്റിക്ക് ഒരു വ്യതിയാനവും സംഭവിക്കാതെ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ടത്രേ. നല്ലതു വരട്ടെ. വീരപഴശ്ശിക്ക് സ്വാഗതം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :