നയന്‍‌താര ക്രിസ്ത്യാനിയാകും; മുരിങ്ങൂരില്‍ ധ്യാനം‌കൂടും!

Nayanthara
WEBDUNIA| Last Modified വെള്ളി, 10 ഫെബ്രുവരി 2012 (14:43 IST)
PRO
PRO
‘മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ ആയി’ എന്ന് പണ്ടാരാണ്ടോ പറഞ്ഞ പോലെയായി നയന്‍‌താരയുടെ കഥ. തെന്നിന്ത്യയിലെ മികച്ച സം‌വിധായകരിലൊരാളും നടനുമായ പ്രഭുദേവയെയും വിവാഹം കഴിച്ച് സുന്ദരമായി കുടുംബജീവിതം നയിക്കാം എന്ന് കരുതിയിരുന്ന നയന്‍‌താരയുടെ ‘കഞ്ഞിയിലെ പാറ്റ’യായി ഹന്‍‌സിക മോട്വാനി വീണു എന്നാണ് പിന്നാമ്പുറ സംസാരം. ഉള്ള കാശ് മുഴുവന്‍ കാമുകനായി പൊടിച്ചും മതം‌മാറി സമുദായത്തെ ഉപേക്ഷിച്ചും പ്രണയിച്ച് നടന്ന നയന്‍‌താര ഇപ്പോള്‍ വീണ്ടുവിചാരത്തിലാണ്. മുരിങ്ങൂരില്‍ പോയി ധ്യാനം കൂടിയാല്‍ എല്ലാം ശരിയാകും എന്നാണ് നയന്‍‌താരയ്ക്ക് മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഉപദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച് നയന്‍‌താര അടുത്തുതന്നെ ധ്യാനം കൂടാന്‍ പോയേക്കും എന്നറിയുന്നു.

പ്രഭുദേവയെ വിശ്വസിച്ച്, എടുത്തുചാടി മതപരിവര്‍ത്തനം നടത്തിയതില്‍ പശ്ചാത്താപമുണ്ടെന്നും വീണ്ടും പഴയ വിശ്വാസത്തിലേക്ക്‌ തന്നെ തിരിച്ചു വരാന്‍ നയന്‍‌താരയ്ക്ക് തയ്യാറെടുക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിന്ദുവായ ശേഷം നയന്‍താര ഗുരുവായൂരിലെത്തി തുലാഭാരം നടത്തുകയും പ്രശസ്ത നാഗരാജ ക്ഷേത്രമായ മണ്ണാറശ്ശാല ദര്‍ശനം നടത്തുകയും കാളഹസ്തി ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജ കഴിക്കുകയും ചെയ്തിരുന്നു. പ്രഭുദേവയോടുള്ള പ്രണയം മൂത്തപ്പോള്‍ തന്റെ കയ്യില്‍ ‘പ്രഭു’ എന്ന് വച്ച്കുത്തുക കൂടി നയന്‍‌താര ചെയ്തു. എന്നാലിപ്പോള്‍ എല്ലാം വെള്ളത്തിലായ മട്ടാണ്. നയന്‍‌താരയുടെ പൈസയെല്ലാം അടിച്ചുമാറ്റിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.

തനിക്ക് പ്രഭുദേവയുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് ഹന്‍‌സിക നാഴികയ്ക്ക് നാല്‍‌പതുവട്ടം ആണയിടുന്നത്. ‘എനിക്ക് വെറും 19 വയസേ ഉള്ളൂ. പ്രഭുദേവാ സാര്‍ എന്നേക്കാള്‍ എത്രയോ സീനിയര്‍ ആണ്‌. എനിക്കെങ്ങനെ പ്രഭുദേവാ സാറിനോട് പ്രണയം തോന്നും? അദ്ദേഹമെന്‍റെ വല്യേട്ടനാണ്‌’ എന്നാണ് ഹന്‍സികയുടെ ലൈന്‍. എന്നാല്‍, ഹൈദരാബാദിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വച്ച് ഹന്‍സികയും പ്രഭുദേവയും അടുത്തിടപഴകിയതാണ് പ്രഭുദേവ - നയന്‍‌താര ബന്ധത്തില്‍ ആദ്യത്തെ വിള്ളല്‍ വീഴ്ത്തിയതെന്ന് കോടമ്പാക്കം കാറ്റ് പറയുന്നു.

ഹന്‍‌സികയുടെ സാര്‍ വിളിയും വല്യേട്ടാ എന്ന വിളിയും കേള്‍ക്കുമ്പോള്‍ പലര്‍ക്കും പ്രഭുദേവയുടെ ഭാര്യ പണ്ടുപറഞ്ഞ കഥ ഓര്‍മവരും. തന്നെ ‘അക്കാ.. അക്കാ..’ എന്നും പ്രഭുദേവയെ ‘സാര്‍.. സാര്‍..’ വിളിച്ചുവശീകരിച്ച് തന്റെ ഭര്‍ത്താവിനെ അടിച്ചെടുത്തവളാണ് നയന്‍‌താരയെന്ന് റം‌ലത്ത് പണ്ട് പറഞ്ഞത്. ചേച്ചീ.. ചേച്ചീയെന്ന് തന്നെ വിളിച്ച് ‘സാറി’നെ അടിച്ചുമാറ്റിയ അവള്‍ക്ക് ഒരിക്കലും മാപ്പില്ല എന്നും റം‌ലത്ത് പറഞ്ഞിരുന്നു. ആ ശാപമാണോ ഹന്‍‌സികയുടെ രൂപത്തില്‍ നയന്‍‌താരയുടെ കഞ്ഞിയില്‍ പാറ്റയായതെന്ന് ആര്‍ക്കറിയാം?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :