കോഴിക്കോട്|
aparna|
Last Modified ശനി, 8 ജൂലൈ 2017 (15:32 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് ആരോപണ വിധേയനായതോടെ അദ്ദേഹത്തെ വെച്ച്
സിനിമ ചെയ്തവര്‍ കടുത്ത സമ്മര്‍ദ്ദത്തില്‍. ദിലീപിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയായിരുന്നു പലരും വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. ഇതോടെ താരത്തെ നായകനാക്കി സിനിമ ചെയ്യാന്‍ തീരുമാനിച്ചവര്‍ അതില്‍ നിന്നും പിന്മാറുന്നതായി റിപ്പോര്‍ട്ട്.
പ്രശസ്ത സംവിധായകൻ ജോമോൻ ദിലീപിനെ നായകനാക്കി വൻ ബജറ്റിൽ ഒരു ആക്ഷൻ ത്രില്ലർ ഒരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. തിരക്കഥ ഉൾപ്പെടെ പൂർത്തിയായി സിനിമ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് നടിയുടെ കേസുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ അരങ്ങേറിയത്. ഇതോടെ ഈ ചിത്രത്തിൽ ഇന്ദ്രജിത്തിനെ നായകനാക്കി ഈ മാസം തന്നെ ഷൂട്ടിംഗ് ആരംഭിക്കാനാണ് നിർമ്മാതാക്കൾ തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ദിലീപ് റോ ഉദ്യോഗസ്ഥനായി വേഷമിടുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലറായിരുന്നു. പതിവ് ദിലീപ് ചിത്രങ്ങളിൽ നിന്നു വ്യത്യസ്തമായി കോമഡിയില്ലാതെ ശക്തമായ ആക്ഷൻ കഥാപാത്രമായിട്ടായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. പതിവ് ഇമേജിൽ നിന്നും മാറി ഏറെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളുള്ള ചിത്രങ്ങളായിരുന്നു ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നതും ആരംഭിക്കാനിരിക്കുന്നതും.
റോ ഉദ്യോഗസ്ഥൻ, രാഷ്ട്രീയ പാർട്ടി നേതാവ്, ത്രീഡി ചിത്രത്തിലെ മജീഷ്യൻ, കുടുംബ നാഥൻ തുടങ്ങി വേറിട്ട വേഷങ്ങളിലുളള ചിത്രങ്ങളാണ് ദിലീപിന്റെതായി അണിയറയിലുള്ളത്. ഈ ചിത്രങ്ങളിൽ പലതും സംവിധാനം ചെയ്യുന്നത് നവാഗതരാണ്. പുതിയ സാഹചര്യത്തില്‍ ഇവരെല്ലാം അവതാളത്തിലായിരിക്കുകയാണ്.
റിലീസിംഗിന് ഒരുങ്ങി നിൽക്കുന്ന രാമലീലയെന്ന ചിത്രത്തിന്റെ സംവിധായകനായ അരുൺ ഗോപിയും നവാഗതനാണ്. പുലിമുരുകന് ശേഷം ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന രാമലീലയുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. റൺവേയുടെ രണ്ടാം ഭാഗമായ വാളയാർ പരമശിവം ഉൾപ്പെടെ നിരവധി ചിത്രങ്ങൾ ദിലീപിന്റെതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങളുടെയെല്ലാം ചിത്രീകരണമാണ് പുതിയ സാഹചര്യത്തിൽ അനിശ്ചിതമായിട്ടുള്ളത്.