Last Updated:
ചൊവ്വ, 4 നവംബര്‍ 2014 (15:26 IST)
'ഷങ്കര്‍' - ഇന്ത്യന്‍ സിനിമയില്‍ ഈ പേരിന് പകരം വയ്ക്കാന്‍ ഒരാളില്ല. സ്വപ്നസമാനമായ സിനിമകള്‍ സമ്മാനിക്കുന്ന ഒരേയൊരു സംവിധായകന്‍. ഇനി വരാന്‍ പോകുന്ന 'ഐ' എന്ന ചിത്രവും ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. ബജറ്റിന്‍റെ കാര്യത്തിലും കണ്ടന്‍റിന്‍റെ കാര്യത്തിലും ഷങ്കറിന്‍റെ അടുത്തെങ്ങുമെത്തില്ല മറ്റുള്ളവര്‍. എന്നാല്‍ രണ്ടും മൂന്നും വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് ഷങ്കറിന്‍റെ സിനിമകള്‍ സംഭവിക്കുന്നത്. വലിയ സിനിമകള്‍ക്ക് വലിയ തയ്യാറെടുപ്പുകള്‍ ആവശ്യമാണല്ലോ.
ബോക്സോഫീസ് വിജയങ്ങളുടെ കാര്യത്തില്‍ ഷങ്കറിനൊപ്പമോ ഷങ്കറിനേക്കാള്‍ മുന്നിലോ നിര്‍ത്താവുന്ന സംവിധായകനാണ്‍` തമിഴില്‍ നിന്നുതന്നെയുള്ള എ ആര്‍ മുരുഗദോസ്. തുടര്‍ച്ചയായി സിനിമകള്‍ എടുക്കുന്നു എന്നതും സിനിമകള്‍ തമ്മില്‍ ഇടവേളകള്‍ ഇല്ലെന്നതും വമ്പന്‍ വിജയങ്ങള്‍ സൃഷ്ടിക്കുന്നു എന്നതുമാണ് മുരുഗദോസിന്‍റെ പ്രത്യേകത. ഷങ്കറിനെ അപേക്ഷിച്ച് വളരെ വേഗം സിനിമയെടുക്കുകയും അവ വമ്പന്‍ ഹിറ്റുകളാക്കുകയും ചെയ്യുന്നു മുരുഗദോസ്.
അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ സിനിമയായ 'കത്തി'യും 100 കോടി ക്ലബില്‍ ഇടം നേടിക്കഴിഞ്ഞു. ഗജിനി(ഹിന്ദി), തുപ്പാക്കി, ഹോളിഡേ(ഹിന്ദി), കത്തി എന്നിവയാണ് 100 കോടി ക്ലബില്‍ ഇടം കണ്ടെത്തിയ മുരുഗദോസ് ചിത്രങ്ങള്‍. ഇത്രയധികം ചിത്രങ്ങള്‍ 100 കോടി ക്ലബില്‍ പ്രവേശിപ്പിച്ച മറ്റൊരു ദക്ഷിണേന്ത്യന്‍ സംവിധായകനും നിലവില്‍ ഇല്ല.
ആമിര്‍ഖാന്‍, അജിത്, വിജയ്, ചിരഞ്ജീവി, അക്ഷയ്കുമാര്‍, വിജയകാന്ത്, സൂര്യ തുടങ്ങിയ വമ്പന്‍ താരങ്ങളാണ് മുരുഗദോസ് ചിത്രങ്ങളുടെ ഭാഗമായിരുന്നത്. എന്നാല്‍ അദ്ദേഹം സംവിധാനം ചെയ്യുന്ന അടുത്ത ഹിന്ദി ചിത്രത്തില്‍ നായകനില്ല, നായികയേയുള്ളൂ - സൊനാക്ഷി സിന്‍ഹ.
ഒരേസമയം തമിഴിലും തെലുങ്കിലും ഹിന്ദിയിലും വമ്പന്‍ ഹിറ്റുകള്‍ സൃഷ്ടിക്കുന്ന ഈ സംവിധായകന്‍ ഭാവിയില്‍ രജനികാന്തിനെയും മോഹന്‍ലാലിനെയും അമിതാഭ് ബച്ചനെയും കമല്‍ഹാസനെയുമൊക്കെ സംവിധാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.