ട്രാഫിക് തരംഗം അന്യഭാഷാ സിനിമക്കാരെയും വശീകരിച്ചിരിക്കുന്നു. മലയാളത്തില്‍ വന്‍ വിജയമായി മാറിയ സിനിമ മൂന്നു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. എന്നാല്‍ മറ്റുഭാഷകളില്‍ സിനിമ സംവിധാനം ചെയ്യുന്നത് രാജേഷ് പിള്ളയായിരിക്കില്ല.
മലയാള സിനിമാ ബോക്സോഫീസില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ട്രാഫിക്കിന്‍റെ സ്ഥാനം. അവധി ദിവസങ്ങളില്‍ ട്രാഫിക് കളിക്കുന്ന തിയേറ്ററുകളില്‍ ജനസമുദ്രമാണ്. ഈ സിനിമയുടെ വിജയത്തോടെ തിരക്കഥാകൃത്തുക്കളായ ബോബി - സഞ്ജയ് ടീമിന് തിരക്കേറി. ഇവര്‍ തിരക്കഥയെഴുതുന്ന അഞ്ചോളം സിനിമകളുടെ ജോലികള്‍ വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നിന്ന് വന്‍ തുകയാണ് റീമേക്ക് റൈറ്റായി ഓഫറുകള്‍ വരുന്നത്. ഏറ്റവും വലിയ തുക തരുന്ന വലിയ കമ്പനികള്‍ക്ക് കഥയുടെ അവകാശം വില്‍ക്കാനാണ് ട്രാഫിക്കിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.
അതേസമയം, ചിത്രത്തിന്‍റെ തമിഴ് റീമേക്ക് സംബന്ധിച്ച് ഏകദേശം ധാരണയായതായി സൂചനയുണ്ട്. ശ്രീനിവാസന്‍ മലയാളത്തില്‍ അവതരിപ്പിച്ച സുദേവന്‍ എന്ന ട്രാഫിക് പൊലീസുകാരനെ തമിഴില്‍ സത്യരാജ് അവതരിപ്പിക്കുമെന്നും കേള്‍ക്കുന്നു.