ടി പി രാജീവന്റെ ‘കെ ടി എന്‍ കോട്ടൂര്‍: എഴുത്തും ജീവിതവും’ എന്ന നോവല്‍ സിനിമയാകുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് കോഴിക്കോട്ട് ആരംഭിച്ചു. ദുല്‍ക്കര്‍ സല്‍മാനാണ് നായകന്. കോഴിക്കോട്ടും കാഞ്ഞങ്ങാടുമായി ചിത്രീകരിക്കുന്ന സിനിമ ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത് തന്നെയാണ് നിര്‍മ്മിക്കുന്നത്.
‘ഞാന്‍’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. “1947 വരെയുള്ള കാലഘട്ടമാണ് ടി പി രാജീവന് നോവലില്‍ പറയുന്നത്. പക്ഷേ ഞാന്‍ അത് 2014 വരെയുള്ള കഥയാക്കുന്നു. കെ ടി എന്‍ കോട്ടൂര്‍ എന്നത് ഒരു ഭാവമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്” - ഞാന്‍ എന്ന് ചിത്രത്തിന് പേരിട്ടതിനെക്കുറിച്ച് രഞ്ജിത് പറയുന്നു.
“കണ്ണുംപൂട്ടി അങ്ങ് ചെയ്യുകയാണ്. ഇത് വലിയ വെല്ലുവിളി തന്നെ” - നായകന് ദുല്‍ക്കര്‍ സല്മാന് പ്രതികരിച്ചു. അനുമോള്‍ ഉള്‍പ്പടെ മൂന്ന് നായികമാരാണ് ചിത്രത്തില്‍ ഉള്ളത്.
ടി പി രാജീവന്റെ ‘പാലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ സിനിമയാക്കിയത് രഞ്ജിത്താണ്. ആ സിനിമയില്‍ മമ്മൂട്ടി നായകനായിരുന്നെങ്കില്‍ ഈ സിനിമയില്‍ അദ്ദേഹത്തിന്റെ മകന് എന്നതാണ് സവിശേഷത. ജൂലൈയില്‍ ‘ഞാന്‍’ പ്രദര്‍ശനത്തിനെത്തിക്കാനാണ് നീക്കം. അതിന് മുമ്പ് രഞ്ജിത് നിര്‍മ്മിച്ച് വേണു സംവിധാനം ചെയ്യുന്ന ‘മുന്നറിയിപ്പ്’ പുറത്തിറങ്ങും.