ഞാന്‍ കഥ മോഷ്‌ടിച്ചിട്ടില്ല, ഇതിനുപിന്നില്‍ വമ്പന്‍‌മാര്‍: വിനയന്‍

WEBDUNIA|
PRO
‘രഘുവിന്‍റെ സ്വന്തം റസിയ’ എന്ന തന്‍റെ സിനിമയുടെ കഥ മോഷണമാണെന്ന ആരോപണം സംവിധായകന്‍ വിനയന്‍ നിഷേധിച്ചു. താന്‍ കഥ മോഷ്ടിച്ചിട്ടില്ലെന്നും ഈ ആരോപണത്തിനു പിന്നില്‍ ചില വമ്പന്‍‌മാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വിനയന്‍ അറിയിച്ചു. ‘രഘുവിന്‍റെ സ്വന്തം റസിയ’ എന്ന സിനിമയുടെ കഥ തന്‍റേതാണെന്ന സിനിമാ പരസ്യ കലാകാരനായ സാബു സിഗ്‌നേച്ചറിന്‍റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു വിനയന്‍.

‘രഘുവിന്‍റെ സ്വന്തം റസിയ’ എന്ന സിനിമയുടെ പരസ്യകല ചെയ്യാനായി സാബു സിഗ്നേച്ചറിനെ ക്ഷണിക്കാതിരുന്നതാണ് ഇപ്പോഴത്തെ ആരോപണത്തിനു പിന്നിലുള്ള കാരണം. തന്നെ ഈ സിനിമയില്‍ പരസ്യ കലാകാരനാക്കിയില്ലെങ്കില്‍ വിനയന് പണികൊടുക്കും എന്ന് സാബു പലരോടും പറഞ്ഞതായി ഞാന്‍ അറിഞ്ഞിരുന്നു. മാത്രമല്ല, സാബുവിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മറ്റ് പല വമ്പന്‍‌മാരുമാണ്. അവരുടെ കൈകളിലെ പാവയാണ് സാബു - വിനയന്‍ പറയുന്നു.

‘ബാബുക്കുട്ടന്‍റെ സ്വന്തം നൂര്‍ജഹാന്‍’ എന്ന തന്‍റെ കഥ അടിച്ചുമാറ്റിയാണ് വിനയന്‍ ‘രഘുവിന്‍റെ സ്വന്തം റസിയ’ ഒരുക്കുന്നതെന്നായിരുന്നു സാബു സിഗ്നേച്ചറിന്‍റെ ആരോപണം. താന്‍ വിനയനോട് പറഞ്ഞ കഥ അദ്ദേഹം സ്വന്തം പേരില്‍ സിനിമയാക്കുകയായിരുന്നു എന്നാണ് സാബു ആരോപിക്കുന്നത്. എന്നാല്‍ ഇതിനെ വിനയന്‍ ഖണ്ഡിക്കുന്നു.

“സാബുവിന്‍റെ കഥ മോഷ്ടിക്കേണ്ട ഗതികേട് എനിക്ക് വന്നിട്ടില്ല. എന്‍റെ മിക്ക സിനിമകള്‍ക്കും കഥയും തിരക്കഥയും എഴുതിയിട്ടുള്ളത് ഞാന്‍ തന്നെയാണ്. എന്‍റെ സാഹിത്യകൃതികള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാബുവിന്‍റെ ആരോപണത്തിന് യഥാര്‍ത്ഥത്തില്‍ മറുപടി പോലും അര്‍ഹിക്കുന്നില്ല” - വിനയന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :