aparna|
Last Modified വെള്ളി, 13 ഒക്‌ടോബര്‍ 2017 (11:58 IST)
ദുൽഖർ സൽമാന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു സോളോ. ഒരു പരീക്ഷണ ചിത്രമെന്ന രീതിയിലായിരുന്നു സോളോ തീയേറ്ററുകളിൽ എത്തിയത്. എന്നാൽ, ഇറങ്ങിയ ദിവസങ്ങളിൽ ചിത്രത്തിനു മോശം അഭിപ്രായങ്ങൾ വന്നിരുന്നു. അങ്ങനെയാണ്, നിർമാതാവ് ഏബ്രഹാം മാത്യു ഇടപെട്ട് സിനിമയുടെ ക്ലൈമാക്സ് മാറ്റുന്നത്.
ചിത്രം രക്ഷപ്പെടുത്താൻ ക്ലൈമാക്സ് മാറ്റാതെ മറ്റു മാർഗമില്ലായിരുന്നുവെന്നു നിർമാതാവ് ഏബ്രഹാം മാത്യു പറഞ്ഞിരുന്നു. രണ്ടാമത്തെ ക്ലൈമാക്സ് ആക്കിയതോടെ ചിത്രത്തിനു നല്ല കളക്ഷൻ ലഭിച്ചെന്നും നിർമാതാവ് വ്യക്തമാക്കിയിരുന്നു. എന്നാൽ, തന്റെ അനുവാദമില്ലാതെയാണ് ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റിയതെന്ന് സംവിധായകൻ
ബിജോയ് നമ്പ്യാർ വ്യക്തമാക്കിയിരുന്നു.
'സോളോയുടെ ക്ലൈമാക്സ് മാറ്റിയത് ആ സിനിമയോടു ചെയ്ത ക്രൂരതയാണ്. രണ്ടു ഭാഗങ്ങളും കണ്ട ഒരുപാടു പേർ വിളിച്ചിരുന്നു. ആർക്കും ഇഷ്ടപ്പെട്ടിട്ടില്ല. പുതിയ മാറ്റം കണ്ടാലറിയാം, എന്തു വൃത്തികേടായാണു ചെയ്തുവച്ചിരിക്കുന്നതെന്ന്. പരീക്ഷണ ചിത്രമായിരുന്നു സോളോ' യെന്ന് ബിജോയ് നമ്പ്യാർ മനോരമ ഓൺലൈനോട് വ്യക്തമാക്കി.