കോബ്രയും പാളി, മമ്മൂട്ടിയുടെ ശനിദശ തുടരുന്നു!

WEBDUNIA|
PRO
2010 ഡിസംബര്‍ ഒമ്പത്. അന്നാണ് മമ്മൂട്ടി നായകനായ ‘ബെസ്റ്റ് ആക്ടര്‍’ എന്ന സിനിമ റിലീസായത്. ബെസ്റ്റ് ആക്ടര്‍ ഹിറ്റായി. ആ സിനിമയ്ക്ക് ഹൃദയസ്പര്‍ശിയായ ഒരു കഥയുണ്ടായിരുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന സംവിധായകന്‍ അത് നന്നായി ചിത്രീകരിക്കുകയും ചെയ്തു.

മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേതായി ഒടുവില്‍ ഹിറ്റായ ചിത്രവും ബെസ്റ്റ് ആക്ടറായിരുന്നു. അതിന് ശേഷം എട്ട് സിനിമകള്‍. എട്ടും പ്രേക്ഷകര്‍ തിരസ്കരിച്ചു. കാരണമെന്താ? അവയ്ക്കൊന്നും പ്രേക്ഷകരെ ഒരര്‍ത്ഥത്തിലും ആകര്‍ഷിക്കാനുള്ള കെല്‍പ്പില്ലായിരുന്നു എന്നതുതന്നെ.

ഓഗസ്റ്റ് 15, ഡബിള്‍സ്, ദി ട്രെയിന്‍, 1993 ബോംബെ മാര്‍ച്ച് 12, വെനീസിലെ വ്യാപാരി, ശിക്കാരി, ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍, എന്നീ സിനിമകളാണ് തുടര്‍ച്ചയായി പ്രേക്ഷകര്‍ പൊളിച്ചുകൊടുത്തത്. ഇതില്‍ പല സിനിമകളും വലിയ ഹൈപ്പോടെ വന്നവയാണ്. മെഗാഹിറ്റാകുമെന്ന പ്രതീക്ഷയുണര്‍ത്തിയ ശേഷം തകര്‍ന്നടിയുകയായിരുന്നു ഈ ചിത്രങ്ങള്‍‍.

ഷാജി കൈലാസ്, ജയരാജ്, ഷാഫി, ലാല്‍ തുടങ്ങിയ വമ്പന്‍‌മാരുടെ സിനിമകളായിരുന്നു ഇവയില്‍ പലതും എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇവരൊന്നും സംവിധാനം അറിയാത്തവരാണെന്ന് ആരും പറയില്ല. ഈ സംവിധായകരെല്ലാം മെഗാഹിറ്റുകള്‍ പലതവണ സമ്മാനിച്ചിട്ടുള്ളവരാണ്. പക്ഷേ ഇവിടെ എല്ലാവര്‍ക്കും അടിതെറ്റി.

ശ്രദ്ധിച്ചാല്‍ ഒരുകാര്യം മനസിലാകും. മമ്മൂട്ടിയുടെ പരാജയപ്പെട്ട സിനിമകളില്‍ 1993 ബോംബെ മാര്‍ച്ച് 12 എന്ന ഒരു ചിത്രമൊഴികെ മറ്റൊന്നും പ്രമേയപരമായോ മേക്കിംഗിലോ എന്തെങ്കിലും പുതുമ പ്രേക്ഷകന് സമ്മാനിച്ചവയായിരുന്നില്ല. നല്ല കഥയോ തിരക്കഥയോ ഇല്ലാതെ സിനിമയുമായി വന്നാല്‍ ഏത് വമ്പന്‍ സംവിധായകനാണെങ്കിലും നടനാണെങ്കിലും പ്രേക്ഷകര്‍ തള്ളിക്കളയുമെന്നതിന് ഉദാഹരണമാണ് തുടര്‍ച്ചയായുള്ള ഈ തിരിച്ചടികള്‍.

ഒരു കാര്യം ഉറപ്പാണ്. മമ്മൂട്ടിക്ക് സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ തുടര്‍ച്ചയായി പാളിച്ച പറ്റുന്നു. സൌഹൃദത്തിന്‍റെയും വ്യക്തിബന്ധത്തിന്‍റെയും പുറത്ത് സിനിമകള്‍ സെലക്ട് ചെയ്യുന്ന നിലപാട് മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നല്ല തിരക്കഥകള്‍ കണ്ടെത്താന്‍ അദ്ദേഹത്തിന് ഇനിയും കഴിഞ്ഞില്ലെങ്കില്‍ പരാജയകഥ തുടരുകതന്നെ ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :