കേരളത്തില്‍ നഗ്‌മയുടെ സുവിശേഷം

PROPRO
സിനിമാതാരങ്ങള്‍ മറ്റുമേഖലകളിലും തിളങ്ങുന്ന കാലമാണിത്. കെ ബി ഗണേഷ്കുമാര്‍ മന്ത്രിയാവുകയും കേരളം കണ്ട മികച്ച ഗതാഗതമന്ത്രിയെന്ന പേരു നേടുകയും ചെയ്തു. രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാന്‍ പല സിനിമാക്കാരും അണിയറയില്‍ കരുക്കള്‍ നീക്കുന്നുണ്ട്. മമ്മൂട്ടി കൈരളി ചാനലിന്‍റെ ചെയര്‍മാനാണ്. അദ്ദേഹത്തെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും ശ്രമങ്ങള്‍ നടന്നുവരുന്നു. നടന്‍ ടി ജി രവി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ പ്രസിഡണ്ടാണ്.

പറഞ്ഞു വന്നത് സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ആ രംഗത്തു മാത്രം ഒതുങ്ങിനില്‍ക്കുന്നവരല്ല എന്ന് വ്യക്തമാക്കാനാണ്. ഇപ്പോഴിതാ, തെന്നിന്ത്യയിലെ ഗ്ലാമര്‍ നായിക നഗ്‌മ മറ്റൊരു പരിവേഷവുമായി കേരളത്തിലെത്തുന്നു. നഗ്‌മ എന്തിനാണ് വരുന്നതെന്ന് കേട്ടാല്‍ ആരും ആദ്യമൊന്ന് അതിശയിക്കും. സുവിശേഷം പറയാനാണ് നഗ്‌മയുടെ കേരള സന്ദര്‍ശനം.

അതെ, കോട്ടയം തിരുനക്കര മൈതാനത്ത് ഞായറാഴ്ച നഗ്‌മയുടെ സുവിശേഷ പ്രസംഗം നടക്കും. പവര്‍വിഷന്‍ ചാനലിന്‍റെ സംഗീത പരിപാടിയായ ‘മ്യൂസിക് ഫെസ്റ്റ്’ ഷോയിലാണ് നഗ്‌മ സുവിശേഷം പറയുക. താന്‍ ആത്മീയ പാതയിലേക്ക് വന്നതിന്‍റെ കാരണങ്ങള്‍ നടി വ്യക്തമാക്കും.

‘ഐ ആം എ ഡിസ്കോ ഡാന്‍സര്‍’ എന്ന ഗാനത്തിലൂടെ ഇന്ത്യയാകെ തരംഗമായി മാറിയ വിജയ് ബെനഡിക്ട് ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പിന്നണിഗായകരായ മിന്‍‌മിനി, ലിജി ഫ്രാന്‍സിസ്, പവര്‍‌വിഷന്‍ ചെയര്‍മാന്‍ കെ സി ജോണ്‍ തുടങ്ങിയവരും ഷോയില്‍ പങ്കെടുക്കുമെന്നാണ് വിവരം.

ഇസ്ലാം മതവിശ്വാസിയായിരുന്ന നഗ്‌മ പിന്നീട് ക്രിസ്തുമതം സ്വീ‍കരിക്കുകയായിരുന്നു. നമ്രത സാധന എന്നാണ് നഗ്‌മയുടെ യഥാര്‍ത്ഥ പേര്. തമിഴ്നാട്ടില്‍ ഇതിനകം തന്നെ നിരവധി സുവിശേഷ പ്രസംഗങ്ങള്‍ നഗ്‌മ നടത്തിക്കഴിഞ്ഞു. കാതലന്‍, ബാഷ, മേട്ടുക്കുടി, വില്ലാദിവില്ലന്‍, ദീന തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്തിന്‍റെ ഹരമായി മാറിയ നടിയാണ് നഗ്‌മ. പിന്നീട് ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം, ചതുരംഗം തുടങ്ങിയ മലയാള ചിത്രങ്ങളിലും നഗ്‌മ വേഷമിട്ടു.

WEBDUNIA| Last Modified ശനി, 24 ജനുവരി 2009 (13:45 IST)
ഇതിനു മുമ്പ് നടി ഉണ്ണിമേരി ആത്‌മീയപാതയിലേക്ക് പ്രവേശിച്ചത് വന്‍ വാര്‍ത്തയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :