കാര്‍ത്തികയെ ചിമ്പുവിന് വേണ്ട!

WEBDUNIA|
PRO
കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ‘കോ’ എന്ന തമിഴ് ചിത്രം ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പുതന്നെ വിവാദങ്ങള്‍ സൃഷ്ടിച്ച് ശ്രദ്ധേയമായിരിക്കുകയാണ്. ‘അയന്‍’ എന്ന മെഗാഹിറ്റിന് ശേഷം തന്‍റെ പുതിയ ചിത്രത്തിലേക്ക് അജിത്തിനെയാണ് കെ വി ആനന്ദ് നായകനായി ആലോചിച്ചത്. എന്നാല്‍ ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ അജിത്തും ആനന്ദും തമ്മില്‍ തെറ്റി.

അതിന് ശേഷം ചിലമ്പരശനെ നായകനാക്കി നിശ്ചയിച്ചു. ചിത്രത്തിന് ‘കോ’ എന്ന് ടൈറ്റിലും നല്‍കി. നായികയായി തമന്നയെയാണ് തീരുമാനിച്ചത്. ചിമ്പുവിനും ആ തീരുമാനം ഇഷ്ടമായി. എന്നാല്‍ പ്രതിഫലം കൂട്ടിച്ചോദിച്ചതിനാല്‍ തമന്നയെ ആനന്ദ് നിഷ്കരുണം ഒഴിവാക്കി. പകരം പഴയ സൂപ്പര്‍‌നായിക രാധയുടെ മകള്‍ കാര്‍ത്തികയെ ചിമ്പുവിന്‍റെ നായികയായി നിശ്ചയിച്ചു.
PRO


തമന്നയെ മാറ്റിയതിനോട് കടുത്ത പ്രതിഷേധമറിയിച്ച ചിമ്പു, തന്‍റെ നായികയായി കാര്‍ത്തികയെ വേണ്ടെന്ന് ശാഠ്യം പിടിച്ചു. കെ വി ആനന്ദ് കര്‍ക്കശക്കാരനായ ഒരു സംവിധായകനാണ്. താരങ്ങളുടെ എല്ലാ ആവശ്യങ്ങളും അതുപോലെ അംഗീകരിച്ചു കൊടുക്കില്ല. അതുകൊണ്ടു തന്നെ നായികയെ മാറ്റുന്ന പ്രശ്നമില്ല എന്ന് ചിലമ്പരശനെ ആനന്ദ് അറിയിച്ചു.

“എങ്കില്‍ ഞാന്‍ പിന്‍‌മാറും. വേറെ വഴിയില്ല” എന്ന് ചിലമ്പരശന്‍ വെല്ലുവിളി മുഴക്കി. “ധൈര്യമായി പിന്‍‌മാറിക്കോളൂ” എന്ന് ആനന്ദും പറഞ്ഞു. ചിലമ്പരശന്‍ അത് പ്രതീക്ഷിച്ചില്ല. എന്തായാലും കാര്‍ത്തികയെ പിന്‍‌വലിക്കാത്തതില്‍ പ്രതിഷേധിച്ച് ചിമ്പു ‘കോ’ എന്ന സിനിമ വേണ്ടെന്നുവച്ചു. ചിമ്പു പിന്‍‌മാറി മണിക്കൂറുകള്‍ക്കുള്ളില്‍ പകരക്കാരന്‍ എത്തുകയും ചെയ്തു. യുവതാരം ജീവ!

എന്തായാലും ജീവയും കാര്‍ത്തികയും കെ വി ആനന്ദും ഇപ്പോള്‍ ചൈനയിലേക്ക് പറന്നിരിക്കുകയാണ്. ചൈനയുടെ ചുവപ്പന്‍ ലൊക്കേഷനുകളിലാണ് ‘കോ’ ചിത്രീകരിക്കുക. ചിമ്പുവിന് ഇതൊരു നഷ്ടം തന്നെയാണെന്നാണ് കോളിവുഡ് അടക്കം പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :