എല്ലാ പരാതികളും പരിഹരിക്കപ്പെടും: മമ്മൂട്ടി

WEBDUNIA|
PRO
എട്ടു സിനിമകള്‍. നിസാര കാര്യമല്ല. എത്രയോ പേരുടെ കഠിന പ്രയത്നത്തിന്‍റെ ഫലമാണ്. എത്ര പേരുടെ മാനസിക സംഘര്‍ഷങ്ങളുടെ, ഉറക്കമില്ലാത്ത രാത്രികളുടെ, സാഹസങ്ങളുടെ ഫലമാണ്. എട്ടു സിനിമകള്‍ തുടര്‍ച്ചയായി ബോക്സോഫീസ് ദുരന്തമാകുക എന്നത് വലിയ തിരിച്ചടി തന്നെയാണ്. അത്തരമൊരു തിരിച്ചടിയുടെ പൊള്ളുന്ന ചൂടിലാണ് മഹാനടന്‍ മമ്മൂട്ടി. കഴിഞ്ഞ വര്‍ഷം മുതല്‍ ഈ വര്‍ഷം ഇതുവരെ മമ്മൂട്ടിയുടേതായി പുറത്തുവന്ന സിനിമകളെല്ലാം തിയേറ്ററുകളില്‍ നനഞ്ഞ പടക്കങ്ങളായിരുന്നു. ഇനിഷ്യല്‍ പുള്‍ കൊണ്ട് ഭേദപ്പെട്ട പണം സമ്പാദിച്ചത് മാത്രം. അതിനും ‘കോബ്രായം’ എന്ന പരിഹാസം കേള്‍ക്കേണ്ടിവന്നു.

മമ്മൂട്ടി സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ പാളിച്ചകള്‍ പറ്റിയിട്ടുണ്ടോ? എന്തുകൊണ്ട് പരാജയകഥകള്‍ മാത്രം തുടര്‍ച്ചയായി കേള്‍ക്കേണ്ടിവരുന്നു? എല്ലാ പരാതികളും മമ്മൂട്ടി കേള്‍ക്കുന്നുണ്ട്.

“എല്ലാ പരാതികളും പരിഹരിക്കപ്പെടും. ഞാന്‍ മാറ്റത്തിനൊപ്പം നില്‍ക്കുന്നയാളാണ്. മാറുന്നയാളാണ്. മുമ്പ് കൊടുത്ത വാക്കുപാലിക്കാന്‍ പലപ്പോഴും സിനിമ ചെയ്യേണ്ടിവരും. അപ്പോള്‍ അറിഞ്ഞുകൊണ്ട് ചില സിനിമകള്‍ക്ക് നിന്നുകൊടുക്കേണ്ടിവരും. ചില കഥകള്‍ പറയുമ്പോള്‍ നല്ലതായിരിക്കും. പക്ഷേ എഴുതിവരുമ്പോള്‍ മോശമാകും. ചിലപ്പോള്‍ നമ്മള്‍ അത് ചെയ്തുവരുമ്പോഴേക്കും ആളുകളുടെ ടേസ്റ്റ് മാറിയിട്ടുണ്ടാകും. ഞാന്‍ അഭിനയിച്ച ചില സിനിമകള്‍ കണ്ടപ്പോള്‍ ഇതില്‍ അഭിനയിക്കണമായിരുന്നോ എന്ന് തോന്നിയിട്ടുണ്ട്. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. നമ്മുടെ തന്നെ കുറ്റമാണ്. ആരും എന്നെ തോക്ക് കാണിച്ച് അഭിനയിപ്പിച്ചതൊന്നുമല്ലല്ലോ” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നു.

“സിനിമ ഒരു കണക്കുകൂട്ടലാണ്. എല്ലാം നന്നായി വരും എന്ന പ്രതീക്ഷയാണ്. ചിലപ്പോള്‍ ആ കണക്കുകൂട്ടല്‍ പിഴയ്ക്കുന്നു. ചിലപ്പോള്‍ ശരിയായി വരുന്നു. നല്ല സിനിമകള്‍ സംഭവിക്കുകയാണ്. സിനിമയുടെ ചേരുവകള്‍ കൃത്യമാണോ എന്ന് പ്രവചിക്കാന്‍ ആര്‍ക്കും കഴിയില്ല” - മമ്മൂട്ടി വ്യക്തമാക്കുന്നു.

അടുത്ത പേജില്‍ - എനിക്ക് അഭിമന്യുവിന്‍റെ രൂപവും അര്‍ജ്ജുനന്‍റെ പ്രായവും!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :