താന്‍ ഒരിക്കലും പൃഥ്വിരാജിനോട് മത്സരിച്ചിട്ടില്ലെന്ന് ജനപ്രിയനായകന്‍ ദിലീപ്. മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് പലതും പറഞ്ഞുണ്ടാക്കുന്നതാണെന്നും ദിലീപ്. ഒരു വനിതാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കുന്നത്.
“ഞാനും പൃഥ്വിയും വളരെ അകലത്തിലാണെന്ന് പുറത്തുള്ളവര്‍ പറഞ്ഞു പരത്തുന്നതാണ്. ‘ട്വന്‍റി20’യില്‍ പൃഥ്വി അഭിനയിച്ചിരുന്നു. പ്രൊഡക്ഷന്‍റെ പല കാര്യങ്ങള്‍ക്കായി ഞങ്ങള്‍ ഇപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാറുണ്ട്. ഞാന്‍ ഒരിക്കലും പൃഥ്വിയോട് മത്സരത്തിന് ശ്രമിച്ചിട്ടില്ല. പൃഥ്വിയോടെന്നല്ല ആരോടും എനിക്കു മത്സരമില്ല.” - ദിലീപ് പറയുന്നു.
“മലയാളത്തിലെ സിനിമാനടന്‍മാര്‍ എന്നുപറഞ്ഞ് നിരത്തിനിറുത്തിയാല്‍ അതില്‍ ‘സിനിമാനടനല്ല’ എന്നുതോന്നാല്‍ സാധ്യതയുള്ള ഒരാള്‍ ഞാന്‍ മാത്രമായിരിക്കും. ഞാന്‍ വളരെ സാധാരണക്കാരനാണ്. കാഴ്ചയിലും ജീവിത രീതികളിലും. തുടക്കകാലത്ത് പലരും എന്‍റെ എതിരാളിയായി വിശേഷിപ്പിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയായിരുന്നു. ചാക്കോച്ചനെ പെണ്‍കുട്ടികള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. എനിക്കതിലൊന്നും വിഷമം തോന്നിയിട്ടില്ല.” - ദിലീപ് വ്യക്തമാക്കി.
“കരിയറില്‍ ഞാന്‍ താഴോട്ടുപോവും പോലെ തോന്നിയത് കല്യാണം കഴിഞ്ഞപ്പോഴാണ്. മലയാള സിനിമയുടെ ചരിത്രം എടുക്കുമ്പോള്‍ ദിലീപ് എന്ന നടന് ഒരു സ്ഥാനവുമുണ്ടാകില്ല എന്നു തോന്നി. കല്യാണം കഴിച്ചത് വലിയൊരു നടിയെ. നമ്മള്‍ മോശം സിനിമകള്‍ ചെയ്ത് അവര്‍ക്കുകൂടി ചീത്തപ്പേരുണ്ടാക്കാന്‍ പാടില്ലല്ലോ. അങ്ങനെ കുറച്ചുകാലം സിനിമയൊന്നും ചെയ്യാതെ വീട്ടിലിരുന്നു. 2000നു മുമ്പ് എനിക്ക് അഭിമാനിക്കാന്‍ അപൂര്‍വം നല്ല സിനിമകളേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ നൂറ് സിനിമകളില്‍ 10 എണ്ണമെങ്കിലും മലയാളി എന്നും ഓര്‍ക്കുന്ന സിനിമകളാണ്” - ദിലീപ് പറഞ്ഞു.