ഇത് ബാഹുബലി മാജിക് തന്നെ! ആദ്യദിന കളക്ഷൻ പുറത്ത്, ഇത് പ്രവചനങ്ങൾക്കപ്പുറം!

ബാഹുബലി ആദ്യ ദിനം വാരിക്കൂട്ടിയത് 108 കോടി!

aparna shaji| Last Modified ശനി, 29 ഏപ്രില്‍ 2017 (10:40 IST)
ബോക്സ് ഓഫീസിൽ കോടികൾ വാരിക്കൂട്ടുമെന്ന് ഉറ‌പ്പായിരുന്നു. അത് എത്രയെന്ന് മാത്രം അറിഞ്ഞാൽ മതിയായിരുന്നു ഓരോ സിനിമാ പ്രേക്ഷകനും. ഇപ്പോഴിതാ, ബാഹുബലി രണ്ടാംഭാഗത്തിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്തുവരുന്നു. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി 6500 സ്‌ക്രീനുകളിലെത്തിയ ചിത്രം ആദ്യദിനം വാരിക്കൂട്ടിയത് 108 കോടി രൂപയാണ്.

ബോക്സ്ഓഫീസിനെ പിടിച്ചുകുലുക്കി ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ ആദ്യഭാഗം വാരിക്കൂട്ടിയത് 50 കോടിയായിരുന്നു. രണ്ടു വർഷത്തെ കാത്തിരിപ്പിന്റെ ഫലമാണ് ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ കളക്ഷനെന്ന് റിപ്പോ‌ർട്ടുകൾ വ്യക്തമാകുന്നു. ബോക്സ് ഓഫീസ് ചരിത്രത്തിൽ തന്നെ ഇത് റെക്കൊർഡാണ്.

ബാഹുബലി 2 ഹിന്ദി പതിപ്പ് 35 കോടിയാണ് വാരിക്കൂട്ടിയത്. ബാഹുബലി ഉത്സവ ദിവസങ്ങളിലോ അവധി ദിവസങ്ങളിലോ അല്ല റിലീസ് ചെയ്തതെന്നത് മറ്റൊരു കാര്യം. തമിഴ്നാട്ടിൽ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ചില പ്രശ്നങ്ങൾ മൂലം രാവിലെ പ്രദർശനം മുടങ്ങിയെങ്കിലും വൈകിട്ട് ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നും 45 കോടിയും തമിഴ്നാട്ടിൽ നിന്ന് 14 കോടിയും കർണാടകയിൽ നിന്ന് 10 കോടിയും ചിത്രം വാരിക്കൂട്ടി. കേരളത്തിൽ ആദ്യദിന കലക്ഷന്‍ നാല് കോടിയാണെന്നാണ് റിപ്പോര്‍ട്ട്. റിലീസ് മുന്നോടിയായി ഇന്ത്യ, നോർത്ത് അമേരിക്ക, യുകെ, യുഎഇ, ആസ്ട്രേലിയ എന്നിവിടങ്ങളിലായി നടത്തിയ പ്രീമിയർ ഷോകളിൽ 50 കോടി കലക്ട് ചെയ്തെന്ന് അനൗദ്യോഗിക റിപ്പോർട്ട് ഉണ്ട്.

ഇന്ത്യയിലെ 4800 ലൊക്കേഷനുകളിലായി 6500 സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തിയത്. റിലീസിന് മുന്നോടിയായി റെക്കോർഡ് അഡ്വാൻസ് ബുക്കിങ് ആണ് ചിത്രത്തിന് ലഭിച്ചതും. ഇതും കലക്ഷൻ കൂടാൻ കാരണമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :