aparna shaji|
Last Modified ബുധന്‍, 31 മെയ് 2017 (08:21 IST)
ഇറങ്ങാനിരിക്കുന്ന സിനിമകളുടെ പേര് പറഞ്ഞു പ്രേക്ഷകരിൽ നിന്നും പണം തട്ടുന്നവരുടെ എണ്ണം കൂടുകയാണ്. സിനിമയില്‍ പല ബന്ധങ്ങളുമുണ്ട് എന്ന് പറഞ്ഞ് കാശ് തട്ടിയവരും മറ്റും ഒരുപാടാണ്. ഇപ്പോഴിതാ അത്തരത്തിലുള്ള തട്ടിപ്പുകള്‍ സജീവമാകുന്നു.
കാസ്റ്റിംഗ് കോളിന്റെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്ന് കാട്ടി ചില പരസ്യങ്ങള്‍ നല്‍കിയിരുന്നു. എന്നാൽ ഇങ്ങനെ ഒരു പരസ്യം തങ്ങൾ നൽകിയിട്ടില്ലെന്നും ഇത് ചതിയാണെന്നും ചതിയിൽ ചെന്ന് ചാടരുതെന്നും വൈശാഖ് പറയുന്നു.
വൈശാഖിന്റെ മമ്മൂട്ടി ചിത്രത്തിലേക്കാണ് ക്ഷണമെന്നും, പത്തനംതിട്ടയിലെ കുമ്പനാട് പുല്ലാട് ആണ് ലൊക്കേഷനെന്നും അഞ്ഞൂറ് രൂപയും പെട്രോള്‍ ചിലവും ഭക്ഷണവും നല്‍കുമെന്നും ഈ പരസ്യത്തിലുണ്ടായിരുന്നു. വിവേക് ആനന്ദ് എന്ന പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവിനെ ബന്ധപ്പെടാനും ജൂണ്‍ ഏഴിന് മൂന്ന് മണിക്ക് എത്താനുമാണ് കാസ്റ്റിംഗ് കോളിനൊപ്പം പറഞ്ഞിരിക്കുന്നത്.
സംഭവം ചതിയാണെന്ന് വൈശാഖ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഇത്തരമൊരു കാസ്റ്റിംഗ് കോള്‍ എന്റെ അറിവില്‍ നടത്തിട്ടില്ലെന്നും ദയവായി ഇത്തരം ചതികളില്‍ ചെന്ന് വീഴാതിരിക്കണമെന്നും വൈശാഖ് അഭ്യര്‍ത്ഥിക്കുന്നു.
നേരത്തെ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അവസരമുണ്ടെന്ന് കാണിച്ച് വ്യാജ കാസ്റ്റിംഗ് കോള്‍ ക്ഷണം നടത്തിയിരുന്നു. എന്നാല്‍ ഈ തട്ടിപ്പ് പൊളിച്ചടുക്കിയത് സംവിധായകന്‍ തന്നെയാണ്.