ആ വേഷം അവനു കൊടുക്കണ്ട എന്ന് മമ്മൂക്ക പറഞ്ഞു, അതുകേട്ട എന്റെ കണ്ണുകള്‍ നിറഞ്ഞു: അജിത്ത് കൊല്ലം പറയുന്നു

അടുത്തറിയുന്നവർക്കേ മമ്മൂക്കയുടെ മനസ്സിന്റെ വില അറിയൂ; അജിത് കൊല്ലം

Mammootty, Mohanlal, Ajith Kollam, Cinema, സിനിമ,  അജിത്ത് കൊല്ലം, മമ്മൂട്ടി, മോഹന്‍ലാല്‍
സജിത്ത്| Last Modified ബുധന്‍, 21 ജൂണ്‍ 2017 (11:22 IST)
തൊണ്ണൂറുകളിലെ സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ഏറെ ശ്രദ്ധനേടിയ താരമാണ് അജിത് കൊല്ലം. മലയാളം, തമിഴ് എന്നീ ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ച താരം ഒരു സിനിമയും സംവിധാനം ചെയ്തു. ഇപ്പോഴിതാ ഈ നോമ്പുകാലത്ത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് ഹൃദയത്തില്‍തട്ടുന്ന കുറിപ്പുമായി വന്നിരിക്കുകയാണ് അജിത് കൊല്ലം. ലക്ഷക്കണക്കിനുവരുന്ന മമ്മൂക്ക ആരാധകര്‍ക്ക് തന്റെ പെരുനാള്‍ സമ്മാനം എന്ന ആമുഖത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്.

അജിത് കൊല്ലം എഴുതിയ കുറിപ്പ് വായിക്കാം:

‘ലക്ഷ കണക്കിനുവരുന്ന മമ്മൂക്ക ആരാധകർക്ക് എന്റെ പെരുനാൾ സമ്മാനം.

1984 ലാണ് ഞാൻ മമ്മൂക്കയോടൊപ്പം ആദ്യമായി അഭിനയിക്കുന്നത് . ചിത്രം - "ഈ ലോകം ഇവിടെ കുറെ മനുഷ്യർ". 50 ഓളം ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിക്കാൻ എനിക്ക് ഭാഗ്യം കിട്ടി . എന്റെ 35 വർഷത്തെ അഭിനയ ജീവിതത്തിലെ നിരവധി അനർഘനിമിഷങ്ങൾ ! അതിലേറ്റവും പ്രധാനമായ ഒരു അനുഭവം ആരാധകർക്ക് പെരുനാൾ ദിനത്തിൽ സമ്മാനിക്കുന്നു ......

ഫാസിൽ സാറിന്റെ "പൂവിനു പുതിയ പൂന്തെന്നൽ" എന്ന ചിത്രത്തിൽ അഭിനയിക്കാൻ ചെന്നപ്പോൾ എന്നെ കണ്ട ആ ചിത്രത്തിലെ അസ്സോസിയേറ്റ് ഡയറക്ടർ ഇന്നത്തെ വലിയ സംവിധായകൻ സിദ്ദിഖ് പറഞ്ഞു മമ്മൂക്ക അജിത്തിനെ കുറിച്ച വലിയ അഭിപ്രായമാണല്ലോ പറഞ്ഞിരിക്കുന്നത് . അത് കേട്ട എനിക്കുണ്ടായ സന്തോഷത്തിനതിരില്ലായിരുന്നു. എന്നാൽ അതെ സെറ്റിൽ എന്റെ കണ്ണുനിറഞ്ഞ ഒരു അനുഭവമുണ്ടായി ......

കഥയിൽ, മമ്മൂക്കയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതായിരുന്നു എന്റെ വേഷം. പിന്തുടർന്ന് വരുന്ന മമ്മൂക്ക പട്ടണത്തിലെ നടു റോട്ടിലിട്ടു എന്നെ തല്ലുന്നു.

ആ വേഷം ചെയ്യാൻ അതിരാവിലെ എഴുന്നേറ്റ് റെഡി ആയ ഞാൻ കേൾക്കുന്നത് ആ വേഷം അവനു കൊടുക്കണ്ട എന്ന് മമ്മൂക്ക പറഞ്ഞതായിട്ടാണ് ഞാൻ അറിഞ്ഞത് . ഇത് കേട്ടപ്പോൾ എനിക്ക് വലിയ വിഷമം തോന്നി. കണ്ണുകൾ നിറഞ്ഞു. ഈ വിവരം പറഞ്ഞത് മണിയൻ പിള്ള രാജു ആണ്.

രാത്രി ഏതാണ്ട് പന്ത്രണ്ടു മണി സമയം . അഞ്ചു ചിത്രങ്ങളിൽ ഒരേ സമയം നായകനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന മമ്മൂക്ക കൊച്ചിൻ ഹനീഫയോടൊപ്പം യാത്ര ചെയ്‌ത്‌ ഏതാണ്ട് 15 കി.മി കഴിഞ്ഞപ്പോൾ ഹനീഫയ്ക്ക എന്റെ വിഷയം മമ്മൂക്കയെ അറിയിച്ചു . അത് കേട്ടതും പെട്ടന്ന് മമ്മൂക്ക വണ്ടി തിരിച്ചു ഉദയ സ്റ്റുഡിയോയിലേക്ക് വിട്ടു.‌

അർദ്ധമയക്കത്തിലായിരുന്ന ഞാൻ മമ്മൂക്കയുടെ ഗർജ്ജിക്കുന്ന ശബ്ദമാണ് എന്റെ റൂമിനു പുറത്തു കേട്ടത്. കതക് തുറന്നതും മമ്മൂക്കയെ കണ്ടു ഞാൻ ഞെട്ടി. എന്നോടായി മമ്മൂക്ക "ഞാൻ നിന്റെ നന്മക്ക് വേണ്ടീട്ടാണ് ആ വേഷം നീ ചെയ്യണ്ട എന്ന പറഞ്ഞത്. നിനക്ക് അഭിനയിക്കാൻ അറിയാം അതിനു വേണ്ടതെല്ലാം ഉണ്ട് . ഈ തല്ലു കൊള്ളുന്ന വേഷം നീ ചെയ്താൽ ജീവിതകാലം മുഴുവൻ സിനിമയിൽ തല്ലുകൊള്ളേണ്ടി വരും. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് ".... ഓർക്കുമ്പോൾ എത്ര സത്യമായിരുന്നു മമ്മൂക്ക പറഞ്ഞത്! . അതിൽ നിന്നും ഇതുവരെയും എനിക്ക് മോചനം കിട്ടിയിട്ടില്ല ..,,

മലയാളത്തിലെ വലിയ സംവിധായകൻ ജോഷി സാറിനെ സ്വന്തം കാറിൽ കൊണ്ടുപോയാണ് മമ്മൂക്ക എനിക്ക് പരിചയപെടുത്തിത്തന്നത്. തുടർന്ന് ജോഷിയേട്ടന്റെ നിരവധി സിനിമകളിൽ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞു . ഇതാണ് മമ്മൂക്കയുടെ മനസ്സ്. അടുത്തറിയുന്നവർക്ക് മാത്രമേ അതിന്റെ വില അറിയൂ..കഴിവുള്ള കലാകാരന്മാരെ അംഗീകരിക്കാനുള്ള മനസ്സ്.....

അങ്ങനെയുള്ളവരെ പലരെയും മമ്മൂക്ക സിനിമയിലേക്ക് ഉയർത്തിക്കൊണ്ടു വന്നിട്ടുണ്ട് . ഈ സത്യം തുറന്ന് പറയാൻ മടിക്കുന്നവരാണ് പലരും . സംവിധായകൻ, കാമറ മാൻ, തുടങ്ങി ആ നിര അങ്ങനെ നീണ്ടു കിടക്കുന്നു.

വെളിപ്പെടുത്താൻ ഇഷ്ടപെടാത്ത ഒരുപാട് സൽകർമങ്ങൾ ചെയ്യുന്ന ഒരു വലിയ മനുഷ്യൻകൂടിയാണ് മമ്മൂക്ക....എത്ര എഴുതിയാലും തീരില്ല ആ വലിയ നടനെ കുറിച്. എന്റെ ഈ ഒരു അനുഭവം ഞൻ മമ്മൂക്കയുടെ ആരാധകരുമായി പങ്കു വെക്കാൻ ഈ പെരുനാൾ ദിനത്തിൽ ഞാൻ ആഗ്രഹിക്കുന്നു. മമ്മൂക്കയ്ക്കും കുടുംബാങ്ങൾക്കും ആയുസ്സും ആരോഗ്യവും ഞാൻ നേരുന്നു ...എല്ലാ ആരാധകർക്കും എന്റെ പെരുനാൾ ആശംസകൾ നേരുന്നു....

അജിത് കൊല്ലം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :